യുഎസ് സൈനികരുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ ഇറാന് സഹായകമെന്ന്...

ഫോണുകൾ പിടിച്ചെടുത്തേക്കും
US soldiers' phones may be seized

യുഎസ് സൈനികരുടെ ഫോണുകൾ പിടിച്ചെടുത്തേക്കും

Updated on

വാഷിങ്ടൺ: ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ യുഎസ് സൈനികർ പങ്കു വയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇറാന് രഹസ്യാന്വേഷണ വിവരങ്ങൾ ലഭിക്കാൻ സഹായിക്കുന്നു എന്ന ആശങ്കയിൽ യുഎസ് സൈന്യം. ഈ സാഹചര്യത്തിൽ പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്ന സൈനികരുടെ മൊബൈൽ ഫോൺ ഉപയോഗത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. അതീവ ഗൗരവതരമായ സാഹചര്യമാണ് ഇതെന്നതിനാൽ ചില സൈനികരോട് ഉടൻ തന്നെ തങ്ങളുടെ ഫോണുകൾ കൈമാറാൻ നിർദേശിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.

യുഎസ് സെൻട്രൽ കമാൻഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ സൈനികർക്കു നൽകിയ മുന്നറിയിപ്പിൽ നിരുപദ്രവമെന്നു തോന്നുന്ന ഇൻസ്റ്റാഗ്രാം ഉൾപ്പടെയുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ പോലും ഇറാന് യുഎസ് സൈനിക കേന്ദ്രങ്ങൾക്കെതിരായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളുടെ ഫലം തൽക്ഷണം വിലയിരുത്താൻ സഹായിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി. യുദ്ധ സാഹചര്യത്തിൽ സാധാരണ ലഭിക്കാനിടയില്ലാത്ത വിവരങ്ങൾ ആണ് ഇത്തരം പോസ്റ്റുകളിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജോർദാനിൽ വിന്യസിച്ചിരിക്കുന്ന ചില അമെരിക്കൻ സൈനികരോട് അടുത്ത ദിവസങ്ങളിൽ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുമെന്ന് അറിയിച്ചതായാണ് റിപ്പോർട്ട്. മേഖലയിലെ മറ്റ് അമെരിക്കൻ സൈനിക കേന്ദ്രങ്ങളിലും സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണനയിൽ ആണെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ല. അതേസമയം കുടുംബാംഗങ്ങളുമായി ബന്ധപ്പെടാൻ ഫോണുകളെ ആശ്രയിക്കുന്ന ആയിരക്കണക്കിനു സൈനികരെ ഇത്തരം നിയന്ത്രണങ്ങൾ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നു.

ജൂലൈ 17ന് ജോർദാനിലെ മുവാഫഖ് സാൽട്ടി എയർബേസിനു നേരെയുണ്ടായ ഇറാനിയൻ മിസൈൽ-ഡ്രോൺ ആക്രമണത്തിനിടെ ഒരു യുഎസ് സൈനികൻ മെറ്റയുടെ സ്മാർട്ട് ഗ്ലാസ് ഉപയോഗിച്ച് സഹപ്രവർത്തകർ ബങ്കറിലേയ്ക്ക് ഓടിക്കയറുന്ന ദൃശ്യങ്ങൾ പകർത്തി ഇൻസ്റ്റഗ്രാമിൽ പങ്കു വച്ച സംഭവമാണ് പുതിയ ആശങ്കയ്ക്ക് കാരണമായത്. ഇത്തരം ദൃശ്യങ്ങൾ ആക്രമണത്തിന്‍റെ ഫലവും സൈനികരുടെ നീക്കങ്ങളും ശത്രുരാജ്യത്തിന് വ്യക്തമായി മനസിലാക്കാൻ സഹായിക്കുമെന്ന് അഡ്മിറൽ കൂപ്പർ മുന്നറിയിപ്പു നൽകി.

ഇറാന്‍റെ ആക്രമണങ്ങളിൽ സംഭവിച്ച നാശനഷ്ടങ്ങളെ കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളും വാർത്താ റിപ്പോർട്ടുകളും ഇറാന് സൗജന്യമായി യുദ്ധനാശനഷ്ട വിലയിരുത്തൽ ലഭ്യമാക്കുന്നതിന് തുല്യമാണെന്ന് കൂപ്പർ പറഞ്ഞു. ഇത്തരത്തിലുള്ള വിവരങ്ങൾ പുറത്തു വരുന്നത് അമെരിക്കൻ സൈനികരുടെയും ഗൾഫ് മേഖലയിലെ സാധാരണ ജനങ്ങളുടെയും ജീവൻ അപകടത്തിൽ ആക്കാമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

logo
Metro Vaartha
www.metrovaartha.com