
പരംജിത് സിങ്
getty image
ഷിക്കാഗോ: ഇന്ത്യൻ വംശജനായ ഗ്രീൻ കാർഡ് ഉടമ പരംജിത് സിങ് എന്ന നാൽപത്തെട്ടു കാരൻ കഴിഞ്ഞ രണ്ടു മാസത്തിലേറെയായി യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് (ICE)തടങ്കൽ കേന്ദ്രത്തിലാണ്. 1994 മുതൽ അമെരിക്കയിൽ താമസിച്ചു വരുന്ന സിങ് ഷിക്കാഗോയിലെ ഓ ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്യപ്പെട്ട സിങിന് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും തടങ്കലിൽ കഴിയുന്നതിനാൽ ശസ്ത്രക്രിയ വൈകുന്നതായും കുടുംബം ആരോപിക്കുന്നു.
ഇന്ത്യയിൽ നിന്നു മടങ്ങിയെത്തിയ സിങിനെ കഴിഞ്ഞ ജൂലൈ 30 നാണ് കസ്റ്റഡിയിലെടുത്തത്. അഞ്ചു ദിവസം വിമാനത്താവളത്തിൽ തടഞ്ഞു വച്ച ശേഷം ഇദ്ദേഹത്തെ ഇന്ത്യാനയിലെ ക്ലേ കൗണ്ടിയിലുള്ള ഒരു തടങ്കൽ കേന്ദ്രത്തിലേയ്ക്കു മാറ്റി. 1999ൽ പൊതു ടെലിഫോൺ പണം നൽകാതെ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് സിങ് 10 ദിവസത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അന്ന് 4,137.50 ഡോളർ പിഴ അടച്ചിട്ടുമുണ്ട്. 2008ൽ ഇല്ലിനോയിസിൽ വ്യാജരേഖാ നിർമാണവുമായി ബന്ധപ്പെട്ട് ഒരു കേസും സിങിനെതിരെ ഐസിഇ ആരോപിക്കുന്നുണ്ടെങ്കിലും അങ്ങനൊരു കേസ് നിലനിൽക്കുന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. കാലഹരണപ്പെട്ടതും തെറ്റായതുമായ കേസുകളുടെ പേരിലാണ് സിങിന് മതിയായ ചികിത്സ നിഷേധിക്കുന്നത് എന്നും കുടുംബം ആരോപിക്കുന്നു.
ബ്രെയിൻ ട്യൂമർ അടക്കം കടുത്ത ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന സിങിന് ചികിത്സ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ വിട്ടയയ്ക്കണം എന്ന് ആവശ്യപ്പെട്ട് കുടുംബം നിയമ നടപടികൾ തുടരുന്നു. കുടിയേറ്റത്തിനെതിരെ പ്രത്യേകിച്ച് യുഎസിലെ നിയമ വിരുദ്ധ കുടിയേറ്റക്കാർക്കെതിരെയാണ് വ്യാപകമായ നടപടികൾ സ്വീകരിക്കുന്നത് എന്നു പറയുമ്പോഴും യാതൊരു ക്രിമിനൽ രേഖകളും ഇല്ലാത്ത, പൂർണമായും നടപടിക്രമങ്ങൾ പാലിക്കുന്ന കുടിയേറ്റക്കാരെയും ട്രംപ് ഭരണകൂടം നാടുകടത്താൻ ശ്രമിച്ചിട്ടുണ്ടെന്ന് വിമർശകർ ആരോപിക്കുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബറിൽ മൂന്നു പതിറ്റാണ്ടിലേറെ യുഎസിൽ താമസിച്ചിരുന്ന 73 കാരിയായ ഹർജിത് കൗറെന്ന വൃദ്ധമാതാവിനെ ഇന്ത്യയിലേയ്ക്ക് അകാരണമായി നാടുകടത്തിയത് സിഖ് സമൂഹത്തിൽ മുഴുവൻ ട്രംപ് ഭരണകൂടത്തിനെതിരെ രോഷം ജനിപ്പിച്ചിരുന്നു. ഇതിനു പുറകേയാണ് ഇപ്പോൾ ബ്രെയിൻ ട്യൂമർ ബാധിതനായ പരംജിത് സിങിന് ശസ്ത്രക്രിയ നിഷേധിച്ചു കൊണ്ടുള്ള തടങ്കൽ.