യുദ്ധം അവസാനിപ്പിക്കണോ? ഇറാൻ ആണവ സമ്പുഷ്ടീകരണം കുറച്ചേ തീരൂ: ജെ.ഡി വാൻസ്

ആണവായുധം നിർമിക്കാൻ താൽപര്യമില്ലെങ്കിൽ എന്തിനാണ് 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച ഇന്ധനമെന്നും വാൻസ്
Vance said that if they are not interested in making nuclear weapons, why use enriched fuel up to 60 percent

ആണവായുധം നിർമിക്കാൻ താൽപര്യമില്ലെങ്കിൽ എന്തിനാണ് 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച ഇന്ധനം‍?: വാൻസ്

Updated on: 

വാഷിങ്ടൺ: ഇറാൻ-അമെരിക്ക യുദ്ധം അവസാനിപ്പിക്കാനും ആഗോള ഊർജ ഗതാഗതത്തിന് നിർണായകമായ ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കാനും ഇറാൻ ആണവ ഇന്ധന സമ്പുഷ്ടീകരണ ശേഷിയിൽ വൻ കുറവ് വരുത്തണമെന്ന് അമെരിക്കൻ വൈസ് പ്രസിഡന്‍റ് ജെ.ഡി.വാൻസ്. റോയിട്ടേഴ്സിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വാൻസ് അമെരിക്കയുടെ നിലപാട് വ്യക്തമാക്കിയത്.

ഏഴു മാസമായി തുടരുന്ന അമെരിക്ക-ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ഭാവിയിൽ ആണവ ശേഷി കുറയ്ക്കാം എന്ന ഉറപ്പു നൽകുന്നതിനു പകരം നിലവിലെ സമ്പുഷ്ടീകരണ ശേഷിയിൽ തന്നെ വ്യക്തമായ കുറവ് വരുത്തണമെന്നാണ് അമെരിക്ക ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളും കഴിഞ്ഞ ഏതാനും ആഴ്ചകളായി വിവിധ നിർദേശങ്ങൾ കൈമാറിയിട്ടുണ്ട്.

ഇറാൻ-യുഎസ് സംഘർഷം പരിഹരിക്കാനുള്ള ചർച്ചകളിൽ പ്രധാന പങ്കു വഹിക്കുന്ന വ്യക്തിയാണ് വാൻസ്. സെപ്റ്റംബറിൽ താൽക്കാലിക സമാധാന കരാർ ഉണ്ടാക്കുന്നതിലും അദ്ദേഹം ഇടപെട്ടിരുന്നു. എന്നാൽ ആ കരാർ അധികം വൈകാതെ തകർന്നു. യുദ്ധം ആഗോള ഊർജ വിപണിയെ വൻ തോതിൽ ബാധിക്കുകയും നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും രാഷ്ട്രീയ വെല്ലുവിളിയായി തീരുകയും ചെയ്തു.

ആണവായുധം നിർമിക്കാൻ താൽപര്യമില്ലെങ്കിൽ എന്തിനാണ് 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച ഇന്ധനമെന്നു വാൻസ് ചോദിച്ചു. ആണവായുധം നിർമിക്കില്ലെന്ന പ്രതിബദ്ധത ഇറാൻ തെളിയിക്കണമെങ്കിൽ സമ്പുഷ്ടീകരിച്ച ഇന്ധനം നിർമിക്കരുതെന്നും വാൻസ് പ്രതികരിച്ചു.

അമെരിക്കയുമായി കരാറിലെത്താൻ ഇറാൻ ആഗ്രഹിക്കുന്നെങ്കിൽ ആണവ സമ്പുഷ്ടീകരണ ശേഷിയിൽ യഥാർഥവും അർഥവത്തുമായ മാറ്റം വരുത്തണം, വാക്കുകൾക്ക് പകരം പ്രവർത്തനങ്ങൾ വേണം- വാൻസ് പറഞ്ഞു.

ഇറാനില്‍ യഥാര്‍ഥത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ആരാണെന്ന കാര്യത്തില്‍ അമേരിക്കയ്ക്ക് ഇപ്പോഴും വ്യക്തതയില്ലെന്നും വാന്‍സ് പറഞ്ഞു. ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയാനുമായും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായും അമേരിക്ക ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

യുദ്ധത്തിന്‍റെ തുടക്കത്തില്‍ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തില്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനു ശേഷം ഇറാനിലെ അധികാര ഘടനയില്‍ ഇവര്‍ക്ക് എത്രത്തോളം തീരുമാനാധികാരമുണ്ടെന്നത് വ്യക്തമല്ലെന്നാണ് വാന്‍സിന്‍റെ വാദം.കരയിലെ യുദ്ധസാഹചര്യം വിലയിരുത്തുന്നതിനായി സൈനിക കമാന്‍ഡര്‍മാരുമായി നേരിട്ട് സംസാരിച്ചിട്ടുണ്ടെന്നും വാന്‍സ് പറഞ്ഞു.

എന്നാൽ ഇറാനിലെ തീരുമാനമെടുക്കുന്ന സംവിധാനത്തെക്കുറിച്ച് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ അറിവുണ്ടെന്നും പ്രശ്‌നം മറിച്ചാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായില്‍ ബഗായി പറഞ്ഞു. അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ പരസ്പരവിരുദ്ധമായ നിലപാടുകളും ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രസ്താവനകളുമാണ് യഥാര്‍ഥ പ്രശ്‌നമെന്ന് അദ്ദേഹം വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com