ഒമാൻ തീരത്ത് യുഎസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു

എംടി സെറ്റ്റ്റെബെല്ലോ കപ്പലിനു നേരെയുണ്ടായ സംഭവം അതിദാരുണവും അത്യന്തരം വേദനാജനകവുമാണ്: കേന്ദ്രമന്ത്രി സോനോവാൾ
 Three Indian sailors killed in US attack off Oman coast

ഒമാൻ തീരത്ത് യുഎസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു

Updated on

ഹോർമൂസ് കടലിടുക്ക് കടക്കുന്നതിനിടെ ഒമാൻ തീരത്തിനു സമീപം യുഎസ് സൈന്യം ആക്രമിച്ച കപ്പലിൽ ഉണ്ടായിരുന്ന മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി കേന്ദ്രതുറമുഖ-ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. ആദ്യം ഇവരെ കാണാതായതായി റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും പിന്നീട് മൃതദേഹങ്ങൾ കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.

എംടി സെറ്റ്റ്റെബെല്ലോ എന്ന എണ്ണക്കപ്പലിൽ ആകെ 28 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 24 ഇന്ത്യൻ പൗരന്മാരും നാലു വിദേശികളുമായിരുന്നു ഉണ്ടായിരുന്നത്. ഒമാൻ ഉൾക്കടലിൽ സഞ്ചരിക്കവേയാണ് കപ്പൽ അമെരിക്കൻ സൈന്യത്തിന്‍റെ ആക്രമണത്തിന് ഇരയായത്.

ഇറാനിൽ നിന്നുള്ള എണ്ണ കടത്തുകയായിരുന്നെന്നും യുഎസ് സൈന്യത്തിന്‍റെ നിർദേശങ്ങൾ പാലിക്കുന്നതിൽ കപ്പൽ പരാജയപ്പെട്ടെന്നുമാണ് യുഎസിന്‍റെ ആരോപണം. ഇതേത്തുടർന്നാണ് കപ്പലിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് യുഎസ് സൈന്യം വ്യക്തമാക്കി. ആദ്യ റിപ്പോർട്ടുകൾ പ്രകാരം 21 ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തിയിരുന്നെങ്കിലും മൂന്നു പേർ കാണാതായ നിലയിലായിരുന്നു. പിന്നീട് ഇവർ മരിച്ചതായി സ്ഥിരീകരിച്ചു.

എംടി സെറ്റ്റ്റെബെല്ലോ കപ്പലിനു നേരെയുണ്ടായ സംഭവം അതിദാരുണവും അത്യന്തരം വേദനാജനകവുമാണ്.ആദ്യം കാണാതായതായി റിപ്പോർട്ട് ചെയ്ത മൂന്ന് ഇന്ത്യൻ നാവികരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. അവർ മരിച്ചതായി സ്ഥിരീകരിച്ചതായും കേന്ദ്രമന്ത്രി സോനോവാൾ എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പിൽ പറഞ്ഞു.

ഇറാനിയൻ എണ്ണയ്ക്ക് എതിരായ ഉപരോധം ലംഘിച്ചു എന്നാരോപിച്ച് അമെരിക്കൻ സെൻട്രൽ കമാൻഡ് ആയുധങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് മൂന്ന് ഇന്ത്യൻ നാവികരുടെ ജീവൻ നഷ്ടമായത്. ഹോർമൂസ് കടലിടുക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാമ് 24 ഇന്ത്യൻ പൗരന്മാർ ഉൾപ്പെട്ട കപ്പലിന് അമെരിക്കൻ നാവികസേനയുടെ ആക്രമണം നേരിടേണ്ടി വന്ന സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചു.

പ്രദേശത്തെ കപ്പൽ ഗതാഗതത്തിനു നേരെയുണ്ടാകുന്ന ആക്രമണങ്ങൾ അതീവ ആശങ്കാ ജനകമാണെന്നും മേഖലയിൽ തുടരുന്ന സംഘർഷത്തിന്‍റെ നേരിട്ടുള്ള പ്രത്യാഘാതമാണ് അതെന്നും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാതിരിക്കാന്‍ എല്ലാ പക്ഷങ്ങളും അടിയന്തരമായി സംഘര്‍ഷം കുറയ്ക്കണമെന്നും ഇന്ത്യ പ്രതികരിച്ചു.

കപ്പലിനു നേരെയുണ്ടായ ആക്രമണത്തെ അമെരിക്കൻ സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ഇറാനിൽ നിന്ന് എണ്ണ കൊണ്ടുപോകാൻ ശ്രമിച്ച കപ്പൽ അമെരിക്ക ഏർപ്പെടുത്തിയിരുന്ന ഉപരോധം ലംഘിച്ചതായാണ് സെൻട്രൽ കമാൻഡിന്‍റെ വിശദീകരണം. അമെരിക്കൻ യുദ്ധവിമാനം കപ്പലിനു നേരെ വെടിയുതിർത്ത് കപ്പലിന്‍റെ പ്രവർത്തനം നിലച്ച നിലയിൽ ആക്കിയതായും അറിയിച്ചു. ആക്രമണത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നതിനായി ന്യൂഡൽഹിയിലെ അമെരിക്കൻ സ്ഥാനപതി കാര്യാലയത്തിന്‍റെ ചാർജ് ഡി അഫയേഴ്സിനെ ഇന്ത്യ വിളിച്ചു വരുത്തിയതായി എഎഫ്പി റിപ്പോർട്ട് ചെയ്തു.

logo
Metro Vaartha
www.metrovaartha.com