

കൊസോവയുടെ മുൻ പ്രസിഡന്‍റ് ഹാഷിം താച്ചി
കൊസോവയുടെ മുൻ പ്രസിഡന്‍റ് ഹാഷിം താച്ചിയെ കൊലപാതകം, പീഡനം, നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കൽ എന്നിവ ഉൾപ്പടെയുള്ള യുദ്ധക്കുറ്റങ്ങളിൽ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടർന്ന് ഹേഗിലെ കൊസോവ യുദ്ധക്കുറ്റ ട്രൈബ്യൂണൽ 25 വർഷത്തെ തടവു ശിക്ഷയ്ക്കു വിധിച്ചു.
സെർബിയൻ അടിച്ചമർത്തലിൽ നിന്ന് സ്വാതന്ത്ര്യം നേടിത്തന്ന വിമോചന നായകന്മാരായാണ് ഹാഷിം താച്ചിയെയും താച്ചി കമാൻഡറായിരുന്ന കൊസോവോ ബറേഷൻ ആർമി എന്ന കെഎൽഎ യെയും സാധാരണക്കാർ ഇന്നും കാണുന്നത്. 1990കളിൽ സെർബിയയുമായുള്ള കൊസോവയുടെ സംഘർഷത്തിൽ 96 പേരെ കൊലപ്പെടുത്തിയതിനും 385 പേരെ നിയമവിരുദ്ധമായി തടങ്കലിൽ വച്ചതിനും 303 പേരെ പീഡിപ്പിച്ചതിനും താച്ചി കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് കൊസോവോ യുദ്ധക്കുറ്റ വിചാരണയിൽ ഹാഷിം താച്ചി ശിക്ഷിക്കപ്പെട്ടത്.
കൊസോവോയുടെ ജോർജ് വാഷിങ്ടൺ എന്ന് അറിയപ്പെടുന്ന ജനപ്രിയ നേതാവാണ് കൊസോവോക്കാർക്ക് താച്ചി
യുദ്ധകാല, യുദ്ധാനന്തര കുറ്റകൃത്യങ്ങൾക്ക് മുൻ കെഎൽഎ പോരാളികളെ വിചാരണ ചെയ്യാനുള്ള അന്താരാഷ്ട്ര സമ്മർദ്ദത്തെ തുടർന്നാണ് 2015ൽ ഹേഗ് ആസ്ഥാനമായുള്ള കൊസോവോ സ്പെഷ്യലിസ്റ്റ് ചേംബേഴ്സ് സ്ഥാപിതമായത്. കൊസോവോയിൽ ഈ ട്രൈബ്യൂണൽ ഒട്ടും ജനപ്രീതിയുള്ളതല്ല. താച്ചിയാകട്ടെ ഇപ്പോളും കൊസോവോയിലെ നിരവധി അൽബേനിയക്കാർക്ക് ആദരണീയനായ വ്യക്തിയാണ്.
താച്ചിയെ യുദ്ധക്കുറ്റവാളിയായി ശിക്ഷിച്ചതിനെതിരെ അൽബേനിയൻ പ്രധാനമന്ത്രി രംഗത്തെത്തി. യൂറോപ്പിന്‍റെ ഭൂപടത്തിൽ മുള്ളുവേലി കെട്ടിയിരിക്കുന്ന ഒരു വൃത്തത്തിന്‍റെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു കൊണ്ടാണ് അദ്ദേഹം "അവിശ്വസനീയം' എന്ന് കൊസോവോ സ്പെഷ്യലിസ്റ്റ് ചേംബേഴ്സിനെ വിമർശിച്ചത്.