
ഇസ്ലാമാബാദ്: അറസ്റ്റിലായ മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വിട്ടയയ്ക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ). പാർട്ടിയുടെ അധ്യക്ഷൻ കൂടിയാണ് ഇമ്രാൻ ഖാൻ. നേതാക്കളോടും പ്രവർത്തകരോടും, ഇമ്രാനെ പിന്തുണയ്ക്കുന്നവരോടും ഇസ്ലാമാബാദിലെ ജുഡിഷ്യൽ കോംപ്ലക്സിൽ രാവിലെ എത്തിച്ചേരണമെന്ന് പാർട്ടി നിർദേശിച്ചിട്ടുണ്ട്.
ഇമ്രാനെ വിട്ടയക്കുന്നതുവരെ പ്രക്ഷേഭം തുടരുമെന്ന് പാർട്ടി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. അറസ്റ്റ് ശരിവെച്ച ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പിടിഐ സിനീയർ വൈസ് പ്രസിഡന്‍റ് ഫവാദ് ചൗധരി വ്യക്തമാക്കി. ഇസ്ലാമാബാദ് ഹൈക്കോടതിയുടെ തീരുമാനം 'വിചിത്രമായ രീതി'യാണെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി കേസിൽ ഹാജരാകാൻ എത്തിയ ഇമ്രാൻ ഖാനെ അതിർത്തി രക്ഷാ സേന കോടതിയിൽ കടന്നുകയറി ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു. അദ്ദേഹത്തെ കോളറിൽ പിടിച്ചു വലിക്കുന്നതും വാനിൽ തള്ളിക്കയറ്റുന്നതും വീഡിയോ ദൃശങ്ങളിൽ കാണാം.
ഇതിനു പിന്നാലെ രാജ്യത്ത് വൻ കലാപന്തരീക്ഷം സൃഷ്ടിച്ച് പ്രവർത്തകർ തെരുവിലിറങ്ങിയിരുന്നു. ഇസ്ലാമാബാദിലും പഞ്ചാബ് പ്രവിശ്യയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ലഹോർ കോർ കമാൻഡറുടെ വീട് പ്രതിഷേധക്കാർ അടിച്ചു തകർത്തു. ഫൈസലാബാദിൽ ആഭ്യന്തരമന്ത്രി റാണ സനവില്ലയുടെ വീടും ആക്രമിച്ചു. സംഘർഷഭരിതമായതിനാൽ സ്വകാര്യ സ്കൂളുകൾക്ക് അവധി നൽകി. സമൂഹമാധ്യമങ്ങൾക്ക് വിവിധയിടങ്ങളിൽ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.