
ലഹോർ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ആശ്വാസം. അദ്ദേഹത്തിനെതിരെയുള്ള ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് ലഹോർ ഹൈക്കോടതി സസ്പെൻഡ് ചെയ്തു. ഇസ്ലാമാബാദിലും ലഹോറിലുമായി രജിസ്റ്റർ ചെയ്തിരുന്ന ഒമ്പതു കേസുകളിലെ അറസ്റ്റ് വാറണ്ടാണു രണ്ടംഗ ബെഞ്ച് റദ്ദ് ചെയ്തത്.
പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് നേതാവായ ഇമ്രാൻ സംരക്ഷിത ജാമ്യം തേടി ലഹോർ കോടതിയെ സമീപിക്കുകയായിരുന്നു. ഇസ്ലാമാബാദിലും റാവൽപിണ്ടിയിലുമായുള്ള അഞ്ച് കേസുകളിൽ മാർച്ച് 24 വരെയും, ലഹോറിലെ കോടതിയിലുള്ള കേസിൽ മാർച്ച് 27-വരെയുമാണു അറസ്റ്റ് വാറണ്ട് റദ്ദ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞവർഷം അവിശ്വാസ വോട്ടിലൂടെയാണു പ്രധാനമന്ത്രി സ്ഥാനത്തു നിന്നും ഇമ്രാൻ ഖാൻ പുറത്തായത്. വിവിധ കേസുകളിൽ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കഴിഞ്ഞദിവസങ്ങളിൽ അറസ്റ്റ് ചെയ്യാനായി പൊലീസ് എത്തിയെങ്കിലും പാർട്ടി പ്രവർത്തകരുടെ ശക്തമായ പ്രതിഷേധമുയർന്നതിനെ തുടർന്നു ശ്രമം ഉപേക്ഷിക്കുകയായിരുന്നു.