
ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍റെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് നൊബേൽ സമാധാന സമ്മാനത്തിനു നാമനിർദേശം. നിലവിൽ ജയിലിൽ കഴിയുകയാണ് ഇമ്രാൻ. പാക്കിസ്ഥാനിലെ മനുഷ്യാവകാശത്തിനും ജനാധിപത്യത്തിനു വേണ്ടി നടത്തിയ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് അദ്ദേഹത്തെ നൊബേൽ പുരസ്കാരത്തിനു നിർദേശിക്കുന്നതെന്ന് നാമനിർദേശം നൽകിയ സംഘടന വ്യക്തമാക്കി.
നോർവീജിയൻ രാഷ്ട്രീയ പാർട്ടിയായ പാർട്ടീറ്റ് സെൻട്രവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പാക്കിസ്ഥാൻ വേൾഡ് അലയൻസ് എന്ന സംഘടനയാണ് നാമനിർദേശത്തിനു പിന്നിൽ. നൂറുകണക്കിനു നാനിർദേശങ്ങളാണ് ഓരോ വർഷവും നൊബേൽ സമ്മാനത്തിന്‍റെ വിവിധ വിഭാഗങ്ങളിലേക്കു ലഭിക്കാറുള്ളത്. ഇതിൽ നിന്നാണ് നൊബേൽ പുരസ്കാര സമിതി വിവിധ ജേതാക്കളെ തെരഞ്ഞെടുക്കുക.
2019ലും ഇമ്രാൻ ഖാന് സമാധാന സമ്മാനത്തിനു നാമനിർദേശം ലഭിച്ചിരുന്നു. ദക്ഷിണേഷ്യയിൽ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പരിഗണിച്ചായിരുന്നു ഇത്. നിലവിൽ അഴിമതി കേസിൽ പതിനാല് വർഷത്തെ തടവ് ശിക്ഷ അനുഭവിച്ചുവരുകയാണ് ഇമ്രാൻ.