
ചൈന പാക്കിസ്ഥാനു നൽകാൻ പോകുന്ന ഷെന്യാങ് ജെ 35 യുദ്ധ വിമാനം
File
ന്യൂഡൽഹി: അഞ്ചാം തലമുറ സ്റ്റെൽത്ത് പോർവിമാനം ഷെന്യാങ് ജെ 35 പാക്കിസ്ഥാന് നൽകാൻ ചൈന തയാറെടുക്കുന്നു. 40 വിമാനങ്ങളാണു കൈമാറുന്നത്. ഇതോടെ, സ്റ്റെൽത്ത് യുദ്ധവിമാനമുള്ള അപൂർവം രാജ്യങ്ങളുടെ പട്ടികയിൽ പാക്കിസ്ഥാൻ ഇടംനേടും. ഇന്ത്യയ്ക്ക് നിലവിൽ സ്റ്റെൽത്ത് യുദ്ധവിമാനമില്ല. അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനം സ്വന്തമായി വികസിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഇന്ത്യ. അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (എഎംസിഎ) എന്ന ഈ വിമാനം 2035ൽ യാഥാർഥ്യമാകുമെന്നാണു പ്രതീക്ഷ. പുതിയ സാഹചര്യത്തിൽ പാക്കിസ്ഥാന് ജെ 35 ലഭിക്കുന്നത് ഇന്ത്യയ്ക്കു വെല്ലുവിളിയാകുമെന്നു വ്യോമസേനാ വിദഗ്ധർ വിലയിരുത്തുന്നു.
ആറു മാസം മുൻപേ ജെ 35 പാക്കിസ്ഥാന് കൈമാറാൻ ചൈന നടപടി തുടങ്ങിയെന്ന് ഇന്ത്യൻ വ്യോമസേനാ മുൻ പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ (റിട്ട.) അജയ് അഹ്‌ലാവത്ത് പറഞ്ഞു. പാക്കിസ്ഥാനി പൈലറ്റുമാർക്ക് ചൈനയിൽ പരിശീലനം തുടങ്ങി. ജെ 35 വിമാനത്തിന്‍റെ എഫ്സി 31 എന്ന പതിപ്പാണു പാക്കിസ്ഥാന് നൽകുന്നത്. ഇതു ജെ 35ന് എല്ലാ സംവിധാനങ്ങളുമുള്ള പതിപ്പല്ല. ഒരു രാജ്യവും അവർ നിർമിച്ച വിമാനത്തിന്‍റെ പൂർണ സംവിധാനങ്ങളോടെ മറ്റു രാജ്യങ്ങൾക്കു കൈമാറുക പതിവില്ലെന്നും അഹ്‌ലാവത്ത്.
പരമ്പരാഗതമായി ഇന്ത്യൻ വ്യോമസേനയ്ക്ക് പാക്കിസ്ഥാനു മേൽ ആധിപത്യമുണ്ട്. മികച്ച പരിശീലനം, തന്ത്രങ്ങൾ, മികവുറ്റ സാമഗ്രികൾ, വ്യത്യസ്തമായ സംവിധാനങ്ങൾ തുടങ്ങി പാക്കിസ്ഥാനെക്കാൾ മുകളിലാണ് നമ്മുടെ സംവിധാനങ്ങൾ. എന്നാൽ, ജെ 35 പാക്കിസ്ഥാന് ലഭിക്കുന്നത് ഈ വ്യത്യാസം നേർത്തതാക്കുമെന്ന് അഹ്‌ലാവത്ത്. അതുകൊണ്ടുതന്നെ ഈ നീക്കം നമുക്ക് ആശങ്കയുണ്ടാക്കുന്നതാണ്. ദൗർഭാഗ്യകരമെന്നു പറയട്ടെ, നമുക്ക് ഇക്കാര്യത്തിൽ രണ്ടു മോശം സാധ്യതകളേയുള്ളൂ. എഫ് 35, എസ്‌യു 57 എന്നിവയാണവ. നല്ല സാധ്യത എഎംസിഎയാണ്. ഈ പ്രശ്നം മറികടക്കാൻ ദേശീയ ദൗത്യം വേഗത്തിലാക്കുക എന്നതു മാത്രമാണു വഴിയെന്നും അഹ്‌ലാവത്ത്.
പത്തു വർഷം കാത്തിരിക്കാനാവില്ലെന്നും റഫാൽ വാങ്ങിയ മാതൃക പിന്തുടർന്ന് റഷ്യയുടെ സുഖോയ് എസ്‌യു 57 വാങ്ങുകയാണ് പോംവഴിയെന്നും എയർമാർഷൽ (റിട്ട.) സഞ്ജീവ് കപൂർ പറഞ്ഞു. എസ്‌യു 57 നമ്മുടെ ആയുധങ്ങളോടും റഡാർ സംവിധാനങ്ങളോടും ചേർന്നു പ്രവർത്തിക്കുന്നതാണ്. എഫ് 35നെക്കാൾ മികച്ചതുമാണ് അവ. എയ്റോ ഇന്ത്യ പ്രദർശനത്തിൽ എഫ് 35ഉം എസ്‌യു 57ഉം ഉണ്ടായിരുന്നു. രണ്ടിന്‍റെയും മികവ് വിലയിരുത്തിയവരുമായി താൻ സംസാരിച്ചിരുന്നെന്നും സഞ്ജീവ് കപൂർ.