ഇറാനിലെ തുറമുഖത്തിന്‍റെ നിയന്ത്രണം ഇന്ത്യയ്ക്ക്

സുപ്രധാന ഏറ്റെടുക്കൽ കരാർ ഒപ്പുവച്ചു; വിദേശ തുറമുഖം ഇന്ത്യ ഏറ്റെടുക്കുന്നത് ഇതാദ്യം
ഇറാനിലെ തുറമുഖത്തിന്‍റെ നിയന്ത്രണം ഇന്ത്യയ്ക്ക്
ഇറാനിലെ ഛബഹറിലുള്ള ഷാഹിദ് ബെഹെസ്തി തുറമുഖ ടെർമിനൽ.
Updated on

ന്യൂഡൽഹി: ഇറാനിലെ ഛബഹറിലുള്ള ഷാഹിദ് ബെഹെസ്തി തുറമുഖ ടെർമിനലിന്‍റെ പ്രവർ‌ത്തനവും പരിപാലനവും ഇന്ത്യ ഏറ്റെടുത്തു. ഇതാദ്യമായാണ് ഒരു വിദേശ രാജ്യത്തെ തുറമുഖത്തിന്‍റെ പരിപാലനം ഇന്ത്യ ഏറ്റെടുക്കുന്നത്.

ടെഹ്റാനിലെ ഇന്ത്യൻ എംബസിയിൽ ഇന്നലെ നടന്ന ചടങ്ങിൽ തുറമുഖ മന്ത്രി സർബാനന്ദ സോനോവാളിന്‍റെ സാന്നിധ്യത്തിൽ ഇതു സംബന്ധിച്ച് കരാർ ഒപ്പുവച്ചു. ഇന്ത്യൻ പോർട്സ് ഗ്ലോബൽ ലിമിറ്റഡും പോർട്ട്സ് ആൻഡ് മാരിടൈം ഓർഗനൈസേഷൻ ഒഫ് ഇറാനുമാണു സമുദ്രവ്യാപാര, സമുദ്ര സുരക്ഷാ രംഗത്തു നിർണായകമാകുന്ന കരാറിലേർപ്പെട്ടത്. 10 വർഷത്തേക്കാണ് ഉടമ്പടി.

ഛബഹർ തുറമുഖത്തിൽ ഇന്ത്യയുടെ ദീർഘകാല പങ്കാളിത്തത്തിനുള്ള അടിത്തറയാണ് ഒപ്പുവയ്ക്കപ്പെട്ടതെന്നു മന്ത്രി സോനോവാൾ പറഞ്ഞു. ഇന്ത്യയോട് ഏറ്റവും അടുത്ത തുറമുഖമാണു ഛബഹർ. സമുദ്രയാന വീക്ഷണകോണിൽ ഏറ്റവും മികച്ച തുറമുഖങ്ങളിലൊന്നാണിതെന്നും അദ്ദേഹം.

അഫ്ഗാനിസ്ഥാനിലേക്കും ഇറാനിലേക്കുമുള്ള ഇന്ത്യയുടെ വ്യാപാര ഇടപാടുകൾക്ക് ഊർജം നൽകുന്നതാണു കരാർ. പശ്ചിമേഷ്യയിൽ ഇന്ത്യയുടെ സ്വാധീനമുറപ്പിക്കാനും ഇത് സഹായിക്കും.

ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ അർമീനിയ, അസർബൈജാൻ, റഷ്യ, മധ്യേഷ്യ, യൂറോപ്പ് ഉൾപ്പെടുന്ന 7,200 കിലോമീറ്ററിന്‍റെ ബഹുവിധ ഗതാഗത പദ്ധതിയിലും ഛബഹർ തുറമുഖം നിർണായകമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com