
ഇന്ത്യയിൽ വോട്ടിങ് പ്രോത്സാഹിപ്പിക്കുന്നതിനായി യുഎസ് അവരുടെ വിദേശ സഹായ ഏജൻസിയായ യുഎസ്എഐഡി വഴി 2012ൽ 21 ദശലക്ഷം ഡോളർ അനുവദിച്ചു എന്ന് റിപ്പോർട്ടുകൾ പുറത്തു വന്നതോടെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്ത്.
കഴിഞ്ഞ ദിവസമാണ് യുഎസ് ഡിപ്പാർട്ട്മെന്‍റ് ഒഫ് ഗവണ്മെന്‍റ് എഫിഷ്യൻസി(ഡോജ്) ഇന്ത്യൻ വോട്ടർമാരുടെ എണ്ണം വർധിപ്പിക്കുന്നതിന് അനുവദിച്ച 21 ദശലക്ഷം ഡോളർ ഉൾപ്പടെ വിവിധ രാജ്യങ്ങൾക്കുള്ള ദശലക്ഷക്കണക്കിനു ഡോളർ വരുന്ന ധനസഹായം നിർത്തലാക്കിയതായി അറിയിച്ചത്.
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാനും കുഴപ്പത്തിലാക്കാനും വിദേശ ധന സഹായം സ്വീകരിച്ച ശക്തികൾ ആരൊക്കെയാണെന്ന് ബിജെപി എംപി സുധാംശു ത്രിവേദി കോൺഗ്രസിനോട് ചോദിച്ചു. ദി ഇന്‍റർനാഷണൽ ഫൗണ്ടേഷൻ ഫൊർ ഇലക്റ്ററൽ സിസ്റ്റംസ് എന്ന സംഘടന 2011ൽ ഇന്ത്യൻ സ്ഥാപനമായ ഇന്ത്യ ഇന്‍റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇലക്ഷൻ മാനെജ്മെന്‍റുമായി ഒരു കരാറിൽ ഒപ്പു വച്ചതായും ത്രിവേദി ആരോപിച്ചു. തെരഞ്ഞെടുപ്പു കമ്മീഷനുമായി ബന്ധപ്പെട്ട ഒരു സംഘടനയാണ് ഇത് എന്നത് ത്രിവേദിയുടെ ആരോപണത്തിനു മൂർച്ച കൂട്ടുന്നു.
ജോർജ് സോറോസിന്‍റെ ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനുമായി ബന്ധമുള്ള കൺസോർഷ്യം ഫൊർ ഇലക്ഷൻസ് ആൻഡ് പൊളിറ്റിക്കൽ പ്രോസസ് സ്ട്രെംഗ്തനിങ് എന്ന സംഘടനയിൽ നിന്നാണ് പിന്തുണ ലഭിച്ചത്. ഈ സംഘടന യുഎസ്എഐഡി വഴി ഇന്ത്യയിൽ അര ബില്യൺ ഡോളർ നിക്ഷേപമാണ് നടത്തിയത്. പിന്നീട് പ്രതിവർഷം മൂന്നര ദശലക്ഷം ഡോളറാണ് ഇന്ത്യയിലേയ്ക്ക് പതിവായി വന്നുകൊണ്ടിരുന്നത്; പത്ര സമ്മേളനത്തിൽ സുധാംശു ത്രിവേദി ആഞ്ഞടിച്ചു.
ഇതിനും മുമ്പു തന്നെ ഐഎഫ്ഇഎസും ഇസിഐയും തമ്മിൽ ഒപ്പു വച്ച ഒരു ധാരണാ പത്രം ബിജെപി ഏറ്റെടുത്തിരുന്നു. അന്നത്തെ ചീഫ് ഇലക്ഷൻ കമ്മീഷണർ എസ്.വൈ. ഖുറേഷി ഈ വിദേശ ഫണ്ടിങ് വിവാദത്തിൽ ഉൾപ്പെട്ടതായും ബിജെപി ആരോപിച്ചിരുന്നു.
‘‘ജോര്‍ജ് സോറോസിന്‍റെയും അങ്കിള്‍ സാമിന്‍റെയും(കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡ) വീക്ഷണങ്ങള്‍ സമാനമാണ്. സാം പിത്രോഡ എന്ത് പറഞ്ഞാലും, വരികള്‍ സാം പിത്രോഡയുടേതാണെന്നും സംഗീതം സോറോസും കോണ്‍ഗ്രസും ചേര്‍ന്നാണ് രചിച്ചിരിക്കുന്നതെന്നും തോന്നും. ഇന്‍ഡി സഖ്യകക്ഷികള്‍ സിംഫണി വായിക്കുകയാണ്,’’ സുധാംശു ത്രിവേദി കൂട്ടിച്ചേര്‍ത്തു.
ഡോജിന്‍റെൊ പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ ബിജെപി വിഷയത്തോട് പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ബാഹ്യ ഇടപെടല്‍ നടന്നതായും കോടീശ്വരനും നിക്ഷേപകനുമായ ജോര്‍ജ് സോറോസിന് ഇതിന് ബന്ധമുള്ളതായും ബിജെപി ആരോപിച്ചിരുന്നു.
‘‘ഇതില്‍ ആര്‍ക്കാണ് നേട്ടം. തീര്‍ച്ചയായും ഭരണകക്ഷിക്ക് അല്ലെന്ന് ഉറപ്പുണ്ട്,’’ ബിജെപിയുടെ സോഷ്യല്‍ മീഡിയ വിഭാഗം തലവന്‍ അമിത് മാളവ്യ ആരോപിച്ചു. ‘‘കോണ്‍ഗ്രസിന്‍റെയും ഗാന്ധിമാരുടെയും അറിയപ്പെടുന്ന സഹപ്രവര്‍ത്തകനായ സോറോസാണ് നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വീണ്ടും നിഴല്‍ വീഴ്ത്തിയിരിക്കുന്നത്. അന്ന് എസ്.വൈ. ഖുറേഷി നയിച്ച തിരഞ്ഞെടുപ്പ് കമ്മിഷനും ‘മുഴുവന്‍ തിരഞ്ഞെടുപ്പ് കമ്മിഷനും വിദേശ ഓപ്പറേറ്റര്‍മാര്‍ക്ക് കൈമാറുന്ന’ ഒരു കരാറില്‍ ഒപ്പുവെച്ചതായും’’ ത്രിവേദി ആരോപിച്ചു.
അതേസമയം, ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഖുറേഷി രംഗത്തെത്തി. ‘‘ഇന്ത്യയിലെ വോട്ടിങ് പ്രോത്സാഹിപ്പിക്കുന്നതിനായി യുഎസ് ഏജന്‍സി വഴി ധനസഹായം നല്‍കുന്നതിനായി 2012ല്‍ ഞാന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ആയിരുന്നപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരു ധാരണാപത്രത്തില്‍ ഒപ്പുവെച്ചു എന്ന തരത്തിൽ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടില്‍ യാതൊരു വിധ വസ്തുതയുമില്ല,’’ ഖുറേഷി വ്യക്തമാക്കി.
2010 ജൂലൈ മുതല്‍ 2012 ജൂണ്‍ വരെയുള്ള കാലയളവിൽ എസ്.വൈ. ഖുറേഷി ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു.