

യുഎസ്സിൽ ഇന്ത്യക്കാരൻ ഭാര്യയേയും മൂന്ന് ബന്ധുക്കളേയും വെടിവെച്ച് കൊന്നു, രക്ഷപ്പെടാൻ അലമാരയിൽ ഒളിച്ചിരുന്ന് മക്കൾ
ജോർജിയ: യുഎസ്സിൽ ഭാര്യയേയും മൂന്ന് ബന്ധുക്കളേയും വെടിവെച്ച് കൊന്ന ഇന്ത്യക്കാരൻ അറസ്റ്റിൽ. ജോർജിയയിലെ ലോറസ്‌വില്ലെയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ദാരുണസംഭവമുണ്ടായത്. വിജയകുമാർ എന്ന 51 കാരനാണ് കൊലനടത്തിയത്. സംഭവസമയത്ത് വിജയകുമാറിന്‍റെ ഉൾപ്പടെ മൂന്ന് കുട്ടികൾ വീടിനകത്തുണ്ടായിരുന്നു. സ്വയം രക്ഷിക്കാൻ കുട്ടികൾ അലമാരയിൽ ഒളിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരം.
വിജയ്കുമാറിന്‍റെ ഭാര്യ മീമു ഡോഗ്ര (43), ഗൗരവ് കുമാർ (33), നിധി ചന്ദർ (37), ഹരീഷ് ചന്ദർ (38) എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണം എന്നാണ് വിവരം. അറ്റ്ലാന്‍റ സ്വദേശികളായ വിജയകുമാറും മീമു ഡോഗ്രയും 12 കാരനായ മകനൊപ്പം ബന്ധുക്കളായ ഹരീഷ് ചന്ദറിന്‍റെ വീട്ടിലേക്ക് എത്തുകയായിരുന്നു. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ ദമ്പതികൾ തമ്മിൽ വഴക്കിട്ടിരുന്നു.
വിജയകുമാറിന്‍റെ മകൻ തന്നെയാണ് പോലീസിനെ വിവരമറിയിച്ചത്. വിവരമറിഞ്ഞെത്തിയ പൊലീസ് കണ്ടത് വീടിനുള്ളിൽ വെടിയേറ്റ് കിടക്കുന്ന നാല് പേരെയാണ്. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച വിജയകുമാറിനെ പൊലീസ് നായ്ക്കളുടെ സഹായത്തിൽ വനപ്രദേശത്തുനിന്ന് കണ്ടെത്തുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അറ്റ്ലാന്റയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.