Indian-origin Canadian leaders in Mark Carney's cabinet: Maninder Sidhu, Anita Anand, Randeep Sarai and Ruby Sahota. (left to right)

മാർക്ക് കാർണിയുടെ മന്ത്രിസഭയിലെ ഇന്ത്യൻ വംശജരായ കനേഡിയൻ നേതാക്കൾ: മനീന്ദർ സിദ്ധു, അനിത ആനന്ദ്, രൺദീപ് സരായ്, റൂബി സഹോട്ട. (ഇടത്തുനിന്ന് വലത്തോട്ട്)

കനേഡിയൻ മന്ത്രിസഭയിൽ നാല് ഇന്ത്യൻ വംശജരും

29 അംഗ മന്ത്രിസഭയിൽ 24 പുതുമുഖങ്ങൾ
Published on

ഒട്ടാവ: മാർക്ക് കാർണിയുടെ നേതൃത്വത്തിൽ വീണ്ടും രൂപീകൃതമായ കനേഡിയൻ സർക്കാരിൽ ഭൂരിഭാഗവും പുതുമുഖങ്ങൾ. 29 അംഗ മന്ത്രി സഭയിൽ ഇന്ത്യൻ വംശജരായ അനിതാ ആനന്ദും മനീന്ദർ സിങ് സിദ്ധുവും ഉൾപ്പടെ 24 പേരും പുതുമുഖങ്ങളാണ് എന്ന പ്രത്യേകതയുമുണ്ട്.

അനിത വിദേശകാര്യ മന്ത്രിയായും മനീന്ദർ അന്താരാഷ്ട്ര വ്യാപാരമന്ത്രിയായും ആയിരിക്കും സത്യ പ്രതിജ്ഞ ചെയ്യുക. ജസ്റ്റിൻ ട്രൂഡോ മന്ത്രി സഭയിൽ അനിത പ്രതിരോധ വകുപ്പിന്‍റെ ചുമതല വഹിച്ചിട്ടുണ്ട് ഇന്ത്യൻ ഡോക്റ്റർ ദമ്പതിമാരുടെ മകളായ അനിത. നോവാ സ്കോട്ടിയയിലെ കെന്‍റി വില്ലെയിലാണ് ജനിച്ചത്. 2019ൽ ഓക് വില്ലേയിൽ നിന്ന് പാർലമെന്‍റ് അംഗമായാണ് രാഷ്ട്രീയത്തിൽ എത്തിയത്. പ്രതിരോധ മന്ത്രി, ട്രഷറി ബോർഡ് പ്രസിഡന്‍റ് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലേയ്ക്ക് കാലെടുത്തു വയ്ക്കും മുമ്പ് നിയമത്തിൽ പ്രൊഫസറായി ടൊറാന്‍റോ സർവകലാശാലയിൽ ജോലി ചെയ്യുകയായിരുന്നു അനിത.

ബ്രാംപ്റ്റൺ ഈസ്റ്റിൽ നിന്നാണ് മനീന്ദർ സിങ് സിദ്ധു വിജയിച്ചത്. 2019 ലാണ് സിദ്ധുവും ആദ്യമായി പാർലമെന്‍റിൽ എത്തുന്നത്. വിവിധ പാർലമെന്‍റ് കമ്മിറ്റികളിൽ പ്രവർത്തിച്ച പരിചയ സമ്പത്തും ഇതിനകം സിദ്ധു നേടിയെടുത്തു.

ബ്രാംപ്ടൺ നോർത്ത്-കാലെഡൺ എംപിയായ റൂബി സഹോട്ട പഞ്ചാബികളായ മാതാപിതാക്കൾക്ക് ടൊറാന്‍റോയിൽ ജനിച്ചു. സസ്കാചെവൻ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദം നേടിയ റൂബി രാഷ്ട്രീയത്തിലെത്തും മുമ്പേ ഇമിഗ്രേഷൻ, കുടുംബനിയമം എന്നിവ പരിശീലിച്ചു. കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള സ്റ്റേറ്റ് സെക്രട്ടറിയായി ഇത് അവരെ ഉയർത്തി. നിലവിൽ പൊതു സുരക്ഷാ മന്ത്രിയെ പിന്തുണയ്ക്കുന്ന ചീഫ് വിപ്പ് പദവിയിൽ ബ്രാംപ്ടണിൽ വർധിച്ചു വരുന്ന കൂട്ട അക്രമത്തിനും സംഘടിത കുറ്റകൃത്യങ്ങൾക്കും പരിഹാരം കണ്ടെത്തുന്നതിനായിരിക്കും ഇവർ ശ്രദ്ധ കേന്ദ്രീകരിക്കുക.2015ൽ കനേഡിയൻ മന്ത്രിസഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇവർ ആദ്യ ഇന്ത്യൻ-കനേഡിയൻ വനിതാ എംപിമാരിൽ ഒരാളായിരുന്നു.

2015ൽ സറേ-സെന്‍ററിൽ നിന്നും പാർലമെന്‍റ് അംഗമായി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട രൺദീപ് സരായ് അഭിഭാഷകനും സംരംഭകനുമാണ്. വാൻകൂവറിലാണ് ജനനം. ഒന്‍റാറിയോയിലെ കിംഗ്സ്റ്റൺ ക്വീൻസ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് നിയമബിരുദം നേടിയത്.

മന്ത്രി സഭ രൂപീകൃതമായതിനു ശേഷമുള്ള ആദ്യ മന്ത്രി സഭായോഗം ഇന്നു നടക്കും. ഈ മാസം 27 നാണ് പാർലമെന്‍റ് സമ്മേളനം.

logo
Metro Vaartha
www.metrovaartha.com