ഇന്ത്യൻ വംശജ കനേഡിയൻ പ്രധാനമന്ത്രിയായേക്കും

പഞ്ചാബി - തമിഴ് ദമ്പതിമാരുടെ മകളാണ് അമ്പത്തിമൂന്നുകാരിയായ അനിത ആനന്ദ്
Anita Anand
അനിത ആനന്ദ
Updated on

ടൊറന്‍റോ: രാജിവച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി പരിഗണിക്കപ്പെടുന്നവരിൽ ഇന്ത്യൻ വംശജയും. ട്രൂഡോ സർക്കാരിലെ ഗതാഗത മന്ത്രി അനിത ആനന്ദാണ് പ്രധാനമന്ത്രിയാകാൻ സാധ്യത കൽപ്പിക്കപ്പെടുന്നവരുടെ മുൻനിരയിലുള്ളത്. പഞ്ചാബി- തമിഴ് ദമ്പതിമാരുടെ മകളാണ് 53 വയസുള്ള അനിത. പാർട്ടിയിലും സർക്കാരിലും ജനപിന്തുണ നഷ്ടമായതോടെ തിങ്കളാഴ്ചയാണ് ട്രൂഡോ രാജി പ്രഖ്യാപിച്ചത്.

ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകമുൾപ്പെടെ വിഷയങ്ങളിൽ ഇന്ത്യയ്ക്കെതിരേ നിരന്തരം ആരോപണങ്ങളുന്നയിച്ചുകൊണ്ടിരിക്കെയാണു ട്രൂഡോയുടെ പടിയിറക്കം. മാർച്ച് 24നാണ് ഇനി കനേഡിയൻ പാർലമെന്‍റ് ചേരുന്നത്. ഏറ്റവുമടുത്ത സമ്മേളനത്തിൽ ട്രൂഡോ സർക്കാരിനെതിരേ അവിശ്വാസം കൊണ്ടുവരുമെന്നു മൂന്നു പ്രധാന പ്രതിപക്ഷ പാർട്ടികൾ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ അടുത്ത സമ്മേളനത്തിനു മുൻപ് പുതിയ നേതാവിനെ കണ്ടെത്തി പ്രതിസന്ധി പരിഹരിക്കാനാകും ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ ശ്രമം. എന്നാൽ, ഈ മാസം 20ന് യുഎസ് പ്രസിഡന്‍റായി ഡോണൾഡ് ട്രംപ് ചുമതലയേറ്റശേഷമേ പുതിയ പ്രധാനമന്ത്രിയെക്കുറിച്ചു ക്യാനഡയിൽ ചർച്ചകൾ സജീവമാകാൻ ഇടയുള്ളൂ.

2019ൽ ഓക്‌വില്ലയിൽ നിന്ന് ആദ്യമായി പാർലമെന്‍റിലെത്തിയ അനിത ആനന്ദ് 2021 വരെ പബ്ലിക് സർവീസസ് മന്ത്രിയായിരുന്നു. ട്രഷറി ബോർഡ് പ്രസിഡന്‍റ്, നാഷണൽ ഡിഫൻസ് മന്ത്രി തുടങ്ങിയ പദവികളും വഹിച്ചു. അച്ഛന്‍റെ പൂർവികർ ചെന്നൈ സ്വദേശികളാണ്.

അമ്മയുടെ കുടുംബം പഞ്ചാബിൽ. ഇംഗ്ലണ്ടിൽ വച്ച് വിവാഹിതരായ ഡോക്റ്റർമാരായ മാതാപിതാക്കൾ പിന്നീട് ഇന്ത്യയിലും നൈജീരിയയും പ്രവർത്തിച്ച ശേഷമാണു ക്യാനഡയിലെത്തിയത്. യുഎസായിരുന്നു ലക്ഷ്യമെങ്കിലും നോവ സ്കോട്ടിയയിൽ താമസമാക്കുകയായിരുന്നു.

അനിതയെ കൂടാതെ ധനമന്ത്രി ഡൊമിനിക് ലിബ്ലെയ്‌നും സാധ്യത കൽപ്പിക്കുന്നുണ്ട്. എന്നാൽ, പ്രധാന പ്രതിപക്ഷ പാർട്ടിയായ കൺസർവേറ്റിവുകൾ സർക്കാർ രൂപീകരിക്കുമെന്ന വിലയിരുത്തലുമുണ്ട്. അങ്ങനെയെങ്കിൽ പിയറി പൊലീയെവറായിരിക്കും പ്രധാനമന്ത്രി. ക്യാനഡയിൽ ഇതു പൊതുതെരഞ്ഞെടുപ്പു വർഷമാണ്. ഏതു സർക്കാർ വന്നാലും ഒക്റ്റോബർ വരെയേ കാലാവധിയുണ്ടാകൂ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com