
സായ് കുമാർ കുറെമുള പീഡിപ്പിച്ചത് 19 കുട്ടികളെ
ന്യൂയോർക്ക്: സോഷ്യൽ മീഡിയ ആപ്പ് ഉപയോഗിച്ച് കൗമാരക്കാരായ 15 വയസിൽ താഴെയുള്ള 19 കുട്ടികളെ പീഡിപ്പിച്ച ഇന്ത്യൻ വംശജന് 420 മാസം കഠിന തടവ് വിധിച്ച് കോടതി. സോഷ്യൽ മീഡിയ മെസേജിങ് ആപ്പ് ഉപയോഗിച്ചാണ് ഇയാൾ കുട്ടികളെ വലയിലാക്കിയിരുന്നത്.
13, 14 വയസുള്ള കൗമാരക്കാരനായി ആൾമാറാട്ടം നടത്തിയാണ് ഇയാൾ കുട്ടികളുമായി ചങ്ങാത്തം സ്ഥാപിച്ചിരുന്നത്. സായ് കുമാർ കുറെമുള എന്ന 31 കാരനാണ് ഇത്തരത്തിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ടത്.
പ്രായപൂർത്തിയാകാത്ത 19 കുട്ടികളെ ഇയാൾ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ഒക് ലഹോമയിലെ എഡ്മണ്ടിൽ താമസിക്കുന്ന ഇന്ത്യൻ പൗരനാണ് സായ് കുമാർ.
സമൂഹ മാധ്യമത്തിൽ ആൾമാറാട്ടം നടത്തി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സോഷ്യൽമീഡിയ ആപ്പിനെ സംബന്ധിച്ച ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷന്‍റെ അന്വേഷണമാണ് പ്രതിയിലേയ്ക്ക് എത്തിയത്. കഴിഞ്ഞ വർഷം ഒക്റ്റോബറിലാണ് സായ് കുമാറിനെതിരായുള്ള അന്വേഷണം ആരംഭിക്കുന്നത്.
കൗമാരക്കാരനെന്നു പറഞ്ഞു പറ്റിച്ച് കുട്ടികളോട് അടുത്ത ശേഷം അവരെ പീഡിപ്പിക്കുകയും വീഡിയോ ദൃശ്യങ്ങൾ പകർത്തുകയും ചെയ്യും. പ്രായപൂർത്തിയാകാത്ത 19 കുട്ടികളെ ഇത്തരത്തിൽ ഇയാൾ പീഡിപ്പിച്ചെന്ന വാദം കോടതിയിൽ ഉയർന്നു വന്നപ്പോൾ താൻ മൂന്നു പേരെ മാത്രമേ പീഡിപ്പിച്ചിട്ടുള്ളു എന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
കുട്ടികളുടെ ദൃശ്യങ്ങൾ മാതാപിതാക്കൾക്ക് കാണിച്ചു കൊടുക്കുമെന്നും കൊലപ്പെടുത്തുമെന്നും പറഞ്ഞ് സായ്കുമാർ ഇരകളെ ഭീഷണിപ്പെടുത്തിയിരുന്നു.ജില്ലാ ജഡ്ജ് ചാൾസ് ഗുഡ്വിനാണ് ഇയാൾക്ക് 35 വർഷം ജയിൽ ശിക്ഷ വിധിച്ചത്.
പ്രതി കുട്ടികളിൽ ഉണ്ടാക്കിയ ശാരീരികവും മാനസികവുമായ പീഡനം അവരെയും മാതാപിതാക്കളെയും ജീവിതത്തിൽ ഉടനീളം വേട്ടയാടാൻ സാധ്യതയുള്ളതാണ് എന്നും ഈ നീണ്ട ശിക്ഷയിലൂടെ പ്രതിയിലും ആ ആഘാതം ഉണ്ടാകുമെന്നും വിചാരണയ്ക്കിടെ ജഡ്ജി പറഞ്ഞു.