യുഎസ് വിസ റദ്ദാക്കി; ഇന്ത്യൻ വിദ്യാർഥി സ്വയം 'നാടുകടത്തി' | Video

സെൽഫ്-ഡിപ്പോർട്ട് ഓപ്ഷൻ ഉപയോഗപ്പെടുത്തുന്നവർക്ക്, കൈകാലുകൾ ബന്ധിച്ച് സൈനിക വിമാനത്തിൽ നാടുകടത്തുന്ന സാഹചര്യം ഒഴിവാക്കാം
Ranjani Srinivasan

രഞ്ജനി ശ്രീനിവാസൻ

Updated on

വാഷിങ്ടൺ ഡിസി: ഇന്ത്യയിൽ നിന്നുള്ള ഗവേഷണ വിദ്യാർഥി യുഎസിൽ നിന്ന് സ്വയം നാടുകടത്തി. പലസ്തീൻ അനുകൂല പ്രക്ഷഭോങ്ങളിൽ പങ്കെടുത്തതിനെത്തുടർന്ന് യുഎസ് സ്റ്റുഡന്‍റ് വിസ റദ്ദാക്കിയതോടെയാണ് രഞ്ജനി ശ്രീനിവാസൻ എന്ന യുവതി ഇന്ത്യയിലേക്കു മടങ്ങിയത്.

ഭീകര സംഘടനയായ ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു എന്നാരോപിച്ചാണ് യുഎസ് ആഭ്യന്തര വകുപ്പ് രഞ്ജനിയുടെ വിസ റദ്ദാക്കിയത്. ഇതിനു പിന്നാലെ, വിസയില്ലാത്തവർക്ക് സ്വയം രാജ്യം വിടാൻ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CPB) ഏജൻസി ആപ്പിൽ സജ്ജമാക്കിയിട്ടുള്ള സെൽഫ്-ഡിപ്പോർട്ട് സൗകര്യം ഉപയോഗിച്ച് രഞ്ജനി രാജ്യം വിടുകയായിരുന്നു.

സമീപകാലത്ത് യുഎസ് നാടുകടത്തിയവരെ കൈകാലുകൾ ബന്ധിച്ച് സൈനിക വിമാനത്തിലാണ് ഇന്ത്യയിലെത്തിച്ചത്. സെൽഫ്-ഡിപ്പോർട്ട് ഓപ്ഷൻ ഉപയോഗപ്പെടുത്തുന്നവർക്ക് ഈ സാഹചര്യം ഒഴിവാക്കാൻ സാധിക്കും.

മടങ്ങിപ്പോകാൻ രഞ്ജനി വിമാനത്തവളത്തിലെത്തിയതിന്‍റെ സിസിടിവി ദൃശ്യം ഷെയർ ചെയ്തുകൊണ്ട് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റ് നോയം ആണ് ഇതെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. രാജ്യത്ത് അക്രമവും ഭീകരവാദവും പ്രോത്സാഹിപ്പിക്കാൻ അനുവദിക്കില്ലെന്നും നോയം തന്‍റെ എക്സ് പോസ്റ്റിൽ വ്യക്തമാക്കുന്നു.

കൊളംബിയ യൂണിവേഴ്സിറ്റിയിൽ നഗരാസൂത്രണം മുഖ്യവിഷയമായെടുത്ത് ഗവേഷണം നടത്തിവരുകയായിരുന്നു രഞ്ജനി. അഹമ്മദാബാദിൽ നിന്ന് ബിരുദമെടുത്ത ശേഷം സ്കോളർഷിപ്പുകളോടെ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സ് ബിരുദവും പൂർത്തിയാക്കിയാണ് രഞ്ജനി പിഎച്ച്ഡിക്കു ചേർന്നത്.

കൊളംബിയ യൂണിവേഴ്സിറ്റിയുടെ ഗ്രാജ്വേറ്റ് സ്കൂൾ ഒഫ് ആർക്കിടെക്ചർ, പ്ലാനിങ് ആൻഡ് പ്രിസർവേഷൻ വെബ്സൈറ്റിൽ രഞ്ജനി ജെൻഡർ ന്യൂട്രലായാണ് സ്വയം പരിചയപ്പെടുത്തിയിരിക്കുന്നത്.

ഇസ്രയേൽ-ഹമാസ് യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങളുടെ യുഎസിലെ സിരാകേന്ദ്രമായിരുന്നു കൊളംബിയ യൂണിവേഴ്സിറ്റി. പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത പല വിദേശ വിദ്യാർഥികളെയും യുഎസ് അധികൃതർ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com