
ആളുകൾക്കിടയിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി മൂന്നു പേർ മരിച്ചു; യുഎസിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ
വാഷിങ്ടൺ: തെക്കൻ കാലിഫോർണിയയിൽ മൂന്നു പേരുടെ മരണത്തിനും നിരവധി പേർക്ക് പരുക്കേൽക്കുന്നതിനുമിടയായ സെമി ട്രക്ക് അപകടവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരൻ അറസ്റ്റിൽ. 21 കാരനായ ജഷൻപ്രീത് സിങ്ങാണ് അറസ്റ്റിലായത്. മദ്യപിച്ചെത്തിയ 21 കാരൻ സാൻ ബെർണാർഡിനോ കൗണ്ടി ഫ്രീവേയിൽ തിരക്കുള്ള റോഡിലേക്ക് തന്‍റെ ട്രക്ക് ഇടിച്ചുകയറ്റിയ ശേഷം നിർത്താതെ പോവുകയായിരുന്നു.
ജഷൻപ്രീത് സിങ്ങ് യുഎസിലേക്ക് അനധികൃതമായി കുടിയേറിയതാണെന്നാണ് റിപ്പോർട്ടുകൾ. 2022 ലാണ് സിങ് യുഎസിലേക്കെത്തുന്നത്. അന്ന് കാലിഫോർണിയയിലെ എൽ സെൻട്രോ സെക്ടറിൽ ബോർഡർ പട്രോൾ ഏജന്‍റുമാർ ഇദ്ദേഹത്തെ പിടികൂടിയെങ്കിലും ബൈഡൻ ഭരണകൂടം രാജ്യത്തിന്‍റെ ഉൾഭാഗത്തേക്ക് ഇയാളെ വിട്ടയക്കുകയായിരുന്നു.