അമെരിക്കയിലെ മിന്നല്‍ പ്രളയത്തില്‍ കാര്‍ ഒലിച്ചുപോയി; ഇന്ത്യന്‍ യുവാവ് മരിച്ചു

Venkatesh Doppalapudi

വെങ്കടേഷ് ദൊപ്പാലപുഡി

Updated on

കാന്‍സാസ്: അമെരിക്കയിലെ കാന്‍സാസില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ കാര്‍ ഒലിച്ചുപോയി ഇന്ത്യന്‍ യുവാവ് മരിച്ചു. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ആന്ധ്രാപ്രദേശ് സ്വദേശി വെങ്കടേഷ് ദൊപ്പാലപുഡി (33) ആണ് മരിച്ചത്.

നെബ്രാസ്‌കയിലെ ഒമാഹയില്‍ താമസിക്കുന്ന വെങ്കടേഷ് ഹൂസ്റ്റണിലേക്ക് കാര്‍ ഓടിച്ചുപോവുകയായിരുന്നു. യാത്രയ്ക്കിടെ കാര്‍ മിന്നല്‍ പ്രളയത്തില്‍ അകപ്പെടുകയായിരുന്നു. ദൃക്‌സാക്ഷികള്‍ വിവരമറിയിച്ച പ്രകാരം ഉടന്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തിയെങ്കിലും ശക്തമായ ഒഴുക്ക് കാരണം കാറിനകത്ത് കടന്ന് യുവാവിനെ രക്ഷിക്കാന്‍ സാധിച്ചില്ല. വൈകാതെ കാര്‍ ഒലിച്ചുപോവുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ പിറ്റേദിവസമാണ് വെങ്കടേഷിന്റെ മൃതദേഹം കണ്ടെത്തിയത്.

വെങ്കടേഷിന്റെ മരണത്തില്‍ ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അനുശോചനം രേഖപ്പെടുത്തി. യുവാവിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു. വെങ്കടേഷിന്റെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കുന്നതിന്റെ ചെലവ് കണ്ടെത്താന്‍ ഗോഫണ്ട്മി ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com