
ബ്രിട്ടനിൽ ലൈംഗിക കുറ്റകൃത്യ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന വിദേശികളിൽ മുന്നിൽ ഇന്ത്യക്കാർ
ലണ്ടൻ: ബ്രിട്ടനിൽ ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന വിദേശികളിൽ ഏറ്റവും കൂടുതൽ ആളുകൾ ഇന്ത്യക്കാരെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്. 2021-2024 വർഷത്തെ കണക്കുകളിലാണ് ഇത് പുറത്തുവന്നത്. ബ്രിട്ടീഷ് നീതിന്യായ വകുപ്പ് ആണ് കണക്കുകൾ പുറത്തു വിട്ടത്. 2024ൽ 100 ഇന്ത്യക്കാർ ലൈംഗിക കുറ്റകൃത്യങ്ങളിൽ ബ്രിട്ടനിൽ ശിക്ഷിക്കപ്പെട്ടു.2021ൽ ഇത് 28 മാത്രമായിരുന്നു. നൈജീരിയയാണ് രണ്ടാമതുള്ളത്. ഇറാഖ് പൗരന്മാരാണ് ഇത്തരം കേസുകളിൽ ശിക്ഷിക്കപ്പെട്ടവരിൽ മൂന്നാമതുള്ളത്.
2021-24 കാലയളവിൽ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട വിദേശ പൗരന്മാരിൽ മൂന്നാം സ്ഥാനത്തും ഇന്ത്യക്കാരുണ്ട്. 115 ശതമാനം വർധനവാണ് ഈ കണക്കിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈജിപ്ത്, അൾജീരിയ സ്വദേശികളാണ് ഈ പട്ടികയിൽ ഇന്ത്യക്കാർക്ക് മുന്നിലുള്ളത്. 2024ലെ കണക്കുകൾ പരിശോധിക്കുമ്പോൾ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പേരിൽ 588 ഇന്ത്യൻ പൗരന്മാരാണ് ശിക്ഷിക്കപ്പെട്ടത്.2021ൽ 273 പേരായിരുന്നു ശിക്ഷിക്കപ്പെട്ടത്.
യുകെയിലേയ്ക്ക് അനധികൃതമായി കുടിയേറുന്നവരുടെ പട്ടികയിലും ഇന്ത്യക്കാരുണ്ടെന്നും ബ്രിട്ടീഷ് നീതിന്യായ വകുപ്പിന്‍റെ കണക്കുകൾ പറയുന്നു. ചെറിയ ബോട്ടുകളിൽ കഴിഞ്ഞ വർഷം 293 ഇന്ത്യൻ പൗരന്മാർ നിയമ വിരുദ്ധമായി യുകെയിൽ എത്തിയെന്നാണ് ഡേറ്റകൾ പറയുന്നത്. ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ 206 പേർ ഇത്തരത്തിൽ യുകെയിൽ എത്തിയതായും റിപ്പോർട്ടുകളുണ്ട്.