
പീറ്റർ നവാരോ ഇന്ത്യൻ ബ്രാഹ്മണർക്കെതിരെ
credit:social media
ന്യൂയോർക്ക്: റഷ്യൻ എണ്ണ വാങ്ങുന്നതിന്‍റെ പേരിൽ ഇന്ത്യയ്ക്കെതിരെ പുതിയ വിമർശനവുമായി വൈറ്റ് ഹൗ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. ബ്രാഹ്മണർ ഇന്ത്യൻ ജനതയുടെ ചെലവിൽ ലാഭം കൊയ്യുകയാണെന്നും അത് നിർത്തണമെന്നുമാണ് ഇപ്പോൾ നവാരോയുടെ ആവശ്യം.
നവാരോ പറഞ്ഞതിങ്ങനെ :
" നോക്കൂ, നരേന്ദ്ര മോദി ഒരു മികച്ച നേതാവാണ്.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിരിക്കെ ഇന്ത്യൻ നേതാവ് എങ്ങനെയാണ് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായും ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങുമായും സഹകരിക്കുന്നതെന്ന് എനിക്കു മനസിലാകുന്നില്ല. അതു കൊണ്ട് ലളിതമായി പറയാം. എന്താണ് സംഭവിക്കുന്നതെന്ന് ഇന്ത്യൻ ജനത ദയവായി മനസിലാക്കുക. ബ്രാഹ്മണർ ഇന്ത്യൻ ജനതയെ ചൂഷണം ചെയ്ത് ലാഭം കൊയ്യുന്നു. നമ്മൾ അത് നിർത്തേണ്ടതുണ്ട്. '
ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് പീറ്റർ നവാരോയുടെ വിവാദ പ്രസ്താവന. വ്യാപാര, താരിഫ് വിഷയങ്ങളിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നയങ്ങളെ ചൊല്ലി യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിൽ വലിയ വിള്ളൽ വീണതിനെ തുടർന്ന് തുടർച്ചയായി ഇന്ത്യയ്ക്കെതിരെ വിവാദ പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുകയാണ് വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവും ട്രേഡ് ആൻഡ് മാനുഫാക്ച്വറിങ് സീനിയർ കൗൺസിലറുമായ പീറ്റർ നവാരോ.
നിലവിൽ ഇന്ത്യയ്ക്കു മേൽ 50 ശതമാനം താരിഫും ചൈനയ്ക്കു മേൽ 50 ശതമാനത്തിൽ അൽപം കൂടുതലും ഉണ്ടായതോടെ റഷ്യൻ റിഫൈനറികൾ ഇന്ത്യയിലെ വൻകിട എണ്ണക്കമ്പനികളുമായി കൈ കോർക്കുകയും മോദിക്ക് ക്രൂഡ് ഓയിലിൽ പുടിൻ ഇളവ നൽകുകയും ചെയ്യുന്നതിലേയ്ക്ക് താരിഫ് വർധന എത്തിച്ചിരിക്കുന്നു. ഇന്ത്യയാകട്ടെ അതു ശുദ്ധീകരിച്ച് യൂറോപ്പിലേയ്ക്കും ആഫ്രിക്കയിലേയ്ക്കും ഏഷ്യയിലേയ്ക്കും വൻ പ്രീമിയത്തിൽ കയറ്റി അയയ്ക്കുകയും ധാരാളം പണം സമ്പാദിക്കുകയും ചെയ്യുന്നു എന്നും നവാരോ ഫോക്സ് ന്യൂസിനോട് ഇന്ത്യയ്ക്കെതിരെയുള്ള തന്‍റെ അസ്വസ്ഥത വ്യക്തമാക്കി.