

ഇറാന്‍റെ ആക്രമണത്തെത്തുടർന്ന് കുവൈറ്റ് വിമാനത്താവളത്തിൽ തീ ഉയരുന്നു.
Video grab
കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ശക്തമായ ഇറാൻ മിസൈലാക്രമണത്തിൽ ഒരു ഇന്ത്യൻ സ്വദേശി കൊല്ലപ്പെട്ടു. ബുധനാഴ്ചയുണ്ടായ ആക്രമണത്തിൽ വിമാനത്താവള ജീവനക്കാരും യാത്രക്കാരും സിവിലിയന്മാരും ഉൾപ്പെടെ 63 പേർക്ക് പരുക്കേറ്റതായാണ് ഔദ്യോഗിക വിവരം.
ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിന്‍റെ പ്രവർത്തനം പൂർണമായും തടസപ്പെടുകയും കുവൈറ്റിലേക്കുള്ള വിമാന സർവീസുകൾ അടിയന്തരമായി നിർത്തിവെക്കുകയും ചെയ്തു.
ആക്രമണം ടെർമിനൽ ഒന്നിനു നേരെ; വൻ നാശനഷ്ടം
വിമാനത്താവളത്തിലെ ടെർമിനൽ വൺ ലക്ഷ്യമാക്കിയാണ് ഇറാന്‍റെ ആക്രമണമുണ്ടായതെന്ന് കുവൈറ്റ് ഡയറക്റ്ററേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വക്താവ് അബ്ദുള്ള അൽ രാജ്ഹി വ്യക്തമാക്കി. ആക്രമണത്തിൽ ടെർമിനലിനും വിമാനത്താവളത്തിലെ മറ്റ് അനുബന്ധ സൗകര്യങ്ങൾക്കും കനത്ത നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
സുരക്ഷ മുൻനിർത്തി വിമാനത്താവളത്തിന്‍റെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചതായും കുവൈറ്റിലേക്ക് വരേണ്ട വിമാനങ്ങൾ അടുത്തുള്ള മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടതായും അദ്ദേഹം അറിയിച്ചു.
ആക്രമണത്തിൽ പരുക്കേറ്റ 63 പേരെ വിവിധ ഏഴ് ആശുപത്രികളിലായി പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുള്ള അൽ സുന്ദ് അറിയിച്ചു. ഇതിൽ ഏഴ് പേരുടെ പരുക്ക് ഗുരുതരമാണെന്നും അവർ അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയരായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ എംബസി അനുശോചിച്ചു
വിമാനത്താവള ആക്രമണത്തിൽ ഇന്ത്യൻ സ്വദേശി കൊല്ലപ്പെട്ട സംഭവത്തിൽ കുവൈറ്റിലെ ഇന്ത്യൻ എംബസി കടുത്ത ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുന്നതിനായി കുവൈറ്റ് അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഇന്ത്യൻ എംബസി എക്സിലൂടെ (X) അറിയിച്ചു.
കൂടാതെ ആക്രമണത്തിൽ പരുക്കേറ്റ മറ്റ് ഇന്ത്യക്കാർക്ക് ആവശ്യമായ ചികിത്സാ സഹായങ്ങൾ ഉറപ്പാക്കാനുള്ള നടപടികളും എംബസി സ്വീകരിച്ചിട്ടുണ്ട്.
നേരത്തെ മാർച്ച് 30-ന് കുവൈറ്റിലെ വൈദ്യുതി-കുടിവെള്ള പ്ലാന്‍റിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിലും ഒരു ഇന്ത്യൻ സ്വദേശി കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ രാജ്യത്തെ പ്രധാന വിമാനത്താവളത്തിന് നേരെയും ഇറാന്‍റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായിരിക്കുന്നത്. ഇതോടെ ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി ശക്തമാവുകയാണ്.