

യുഎസ്-ഇറാൻ സംഘർഷം രൂക്ഷമാകുന്നു
file photo
ദുബായ്: ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന ഒരു എണ്ണക്കപ്പലിന് നേരെ ഇറാന്‍റെ ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് ജീവനക്കാര്‍ കപ്പല്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നത്.
ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇറാന്‍റെ റെവല്യൂഷണറി ഗാര്‍ഡ് ഏറ്റെടുത്തു. അതേസമയം, ഹോര്‍മുസ് കടലിടുക്കിന്‍റെ നിയന്ത്രണവുമായി ബന്ധപ്പെട്ട സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍, അമെരിക്ക ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് തുടര്‍ച്ചയായ പത്താം ദിവസവും വ്യോമാക്രമണം നടത്തി.
അമെരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് പുറത്തുവിട്ട വിവരമനുസരിച്ച് ഇറാന്‍റെ സൈനിക കമാന്‍ഡ് കേന്ദ്രങ്ങള്‍, നാവിക താവളങ്ങൾ, മിസൈല്‍-ഡ്രോണ്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, വ്യോമപ്രതിരോധ സംവിധാനങ്ങള്‍ എന്നിവയാണ് ആക്രമണത്തില്‍ ലക്ഷ്യമിട്ടത്. ആക്രമണത്തിന്‍റെ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടിട്ടുണ്ട്. സിവിലിയന്‍ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികള്‍ക്കും അമെരിക്കന്‍ സൈന്യം സജ്ജമാണെന്ന് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
ലോകത്ത് വ്യാപാരം ചെയ്യുന്ന ക്രൂഡ് ഓയിലിന്‍റെയും പ്രകൃതി വാതകത്തിന്‍റെയും ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന സുപ്രധാന ജലപാതയാണ് ഹോര്‍മുസ് കടലിടുക്ക്. തുടര്‍ച്ചയായ അമെരിക്കന്‍ ആക്രമണങ്ങള്‍ക്കിടയിലും ഈ കടലിടുക്കിലെ നിയന്ത്രണം വിട്ടുകൊടുക്കാന്‍ ഇറാൻ തയ്യാറായിട്ടില്ല.
അമെരിക്കയും ഇറാനും വീണ്ടും സമ്പൂര്‍ണ യുദ്ധത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍, സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നായ പാക്കിസ്ഥാനിലേക്ക് ഇറാൻ ആഭ്യന്തരമന്ത്രി ചർച്ചയ്ക്കായി യാത്ര തിരിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ ധാരണയിലെത്താന്‍ കഴിയുമോയെന്നത് വ്യക്തമല്ല.
ഇറാനോ ഇറാനെ പിന്തുണയ്ക്കുന്ന സംഘടനകളോ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള അമെരിക്കയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് യുഎസ് വിദേശകാര്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. സംഘര്‍ഷം രൂക്ഷമായതോടെ ആഗോള എണ്ണവില വീണ്ടും ഉയര്‍ന്നു. ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 88 ഡോളറിന് മുകളിൽ എത്തി.