

ഹോർമുസ് കടലിടുക്ക്.
യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഉപരോധ നീക്കങ്ങൾക്ക് മറുപടിയായി മിഡിൽ ഈസ്റ്റിൽ കടുത്ത എണ്ണ യുദ്ധത്തിന് വഴിയൊരുക്കി ഇറാന്‍റെ മുന്നറിയിപ്പ്. അമെരിക്ക തങ്ങൾക്കെതിരായ സാമ്പത്തിക ഉപരോധം തുടരുകയാണെങ്കിൽ, പേർഷ്യൻ ഗൾഫിൽ നിന്നോ ഹോർമുസ് കടലിടുക്ക് വഴിയോ ഒരു തുള്ളി എണ്ണപോലും കയറ്റുമതി ചെയ്യാൻ അനുവദിക്കില്ലെന്ന് ടെഹ്‌റാൻ പ്രഖ്യാപിച്ചു.
അമെരിക്കയുടെ ഈ സാമ്പത്തിക യുദ്ധത്തിൽ പങ്കാളികളാകുന്ന ഏത് രാജ്യത്തെയും ശത്രുപക്ഷത്തുള്ള രാജ്യമായി കണ്ട് ആക്രമിക്കുമെന്നും ഇറാന്‍റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്‌സെൻ റെസായി എക്‌സിൽ കുറിച്ചു.
അതേസമയം, ഇറാനെ പൂർണമായും ലോക സാമ്പത്തിക മേഖലയിൽ നിന്ന് ഒറ്റപ്പെടുത്താനും സാമ്പത്തിക അടിത്തറ തകർക്കാനും ലക്ഷ്യമിട്ട് അമെരിക്ക 'ഇക്കണോമിക് ഡി-ഡേ' (Economic D-Day) പ്രഖ്യാപിച്ചിരിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും കടുപ്പമേറിയ സാമ്പത്തിക സമ്മർദമാണ് ഇറാനെതിരേ പ്രയോഗിക്കാൻ പോകുന്നതെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റ് അറിയിച്ചു.
ഇറാനുമായി ബിസിനസ് ചെയ്യുന്ന രാജ്യങ്ങളും സ്ഥാപനങ്ങളും, കപ്പൽ സർവീസുകൾ നടത്തുകയോ പണമിടപാടുകൾ നടത്തുകയോ ചെയ്യുന്നവരും കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ ഭരണകൂടത്തിന്‍റെ എല്ലാ സാമ്പത്തിക സ്രോതസ്സുകളും എന്നെന്നേക്കുമായി വിച്ഛേദിക്കുകയാണ് അമെരിക്കയുടെ ലക്ഷ്യം.
ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് സ്തംഭിച്ചേക്കാമെന്ന ഭീതി രാജ്യാന്തര വിപണിയെ വൻ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പോരാട്ടം രൂക്ഷമായതോടെ ഈ വർഷം മാത്രം ക്രൂഡ് ഓയിൽ വിലയിൽ 50 ശതമാനത്തിലധികം വർധന രേഖപ്പെടുത്തി. ബ്രെന്‍റ് ക്രൂഡ് ബാരലിന് 93 ഡോളറിലും ഡബ്ല്യു.ടി.ഐ 86 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്.
യുഎസ് ഏർപ്പെടുത്തിയ ഉപരോധങ്ങളും ഉപരോധത്തെ തുടർന്നുള്ള നയങ്ങളും പിൻവലിക്കാതെ കടലിടുക്കിലൂടെയുള്ള ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കില്ലെന്ന നിലപാടിലാണ് ഇറാൻ. ഇതിനിടെ, ഈ പാത ഉപയോഗിക്കുന്ന കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാനും ഇറാൻ പാർലമെന്‍റ് തീരുമാനിച്ചിട്ടുണ്ട്.