ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; ജലപാതയിലൂടെ സഞ്ചരിച്ചാൽ കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്

കടലിടുക്ക് അടച്ചുവെന്ന അവകാശവാദം അമെരിക്ക തള്ളി
Iran closes the Strait of Hormuz

ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

Updated on

ടെഹ്റാൻ: ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാന്‍റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പ്രഖ്യാപിച്ചു. ഈ ജലപാതയിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും തകർക്കുമെന്ന് ഐആർജിസി കമാൻഡർ ഇൻ ചീഫിന്‍റെ സീനിയർ അഡൈ്വസറായ ബ്രിഗേഡിയർ ജനറൽ സർദാർ ഇബ്രാഹിം ജബാരി മുന്നറിയിപ്പ് നൽകി.

ലോകത്തിലെ ആകെ എണ്ണ വ്യാപാരത്തിന്‍റെ അഞ്ചിലൊന്നും കടന്നുപോകുന്ന അതീവ പ്രാധാന്യമുള്ള പാതയാണിത്. സൗദി അറേബ്യ, കുവൈത്ത്, ഇറാഖ്, ഖത്തർ, ബഹ്റൈൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണയും പ്രകൃതിവാതകവും പ്രധാനമായും ഈ വഴിയാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പ്രത്യേകിച്ച് ഏഷ്യൻ വിപണികളിലേക്ക് എത്തിക്കുന്നത്.

കടലിടുക്ക് അടയ്ക്കാനുള്ള ഇറാന്‍റെ തീരുമാനം ആഗോള എണ്ണ വിതരണശൃംഖല വൻതോതിൽ തടസപ്പെടുത്താൻ സാധ്യതയുണ്ട്. നേരത്തെ ഫെബ്രുവരിയിൽ ഇറാൻ നടത്തിയ സൈനിക അഭ്യാസങ്ങൾക്കിടയിൽ ഈ വഴിയുള്ള ഗതാഗതം നിയന്ത്രിച്ചപ്പോൾ തന്നെ എണ്ണ വിലയിൽ 6 ശതമാനത്തോളം വർധനവുണ്ടായിരുന്നു. അതേസമയം ഹോർമുസ് കടലിടുക്ക് അടച്ചുവെന്ന ഇറാന്‍റെ അവകാശവാദം യുഎസ് സെൻട്രൽ കമാൻഡ് തള്ളി. ജലപാത ഇപ്പോഴും തുറന്നുക്കിടക്കുകയാണെന്നും കപ്പൽ ഗതാഗതം തടസപ്പെട്ടിട്ടില്ലെന്നും അമെരിക്ക അറിയിച്ചു. ഹോർമുസ് കടലിടുക്കിന് ബദലായി സൗദിയും യുഎഇയും പൈപ്പ് ലൈനുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും മേഖലയിൽ നിന്നുള്ള ഭൂരിഭാഗം എണ്ണക്കയറ്റുമതിയും ഈ ജലപാതയല്ലാതെ മറ്റ് സുരക്ഷിത മാർഗങ്ങളില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com