
ഒരു ചെറിയ ഡ്രോൺ അദ്ദേഹത്തിന്‍റെ പൊക്കിളിൽ ഇടിച്ചേക്കാം-ജാവേദ് ലാരിജാനി
file photo
ഫ്ലോറിഡയിലെ വസതിയിൽ സൂര്യസ്നാനമേറ്റു കിടക്കുമ്പോൾ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കൊല്ലപ്പെട്ടേക്കാമെന്ന ഭീഷണിയുമായി ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുടെ മുതിർന്ന ഉപദേഷ്ടാവ് ജാവേദ് ലാരിജാനി. അഹ്ദേ ഖൗൻ (രക്ത ഉടമ്പടി) എന്ന ഓൺലൈൻ ക്രൗഡ് ഫണ്ടിങ് ക്യാംപെയ്നു ശേഷമാണ് ട്രംപിനെ വധിക്കുമെന്ന സൂചന നൽകിയുള്ള ഈ പുതിയ ഭീഷണിയുണ്ടായിരിക്കുന്നത്.
തന്‍റെ വയറിനു സൂര്യ പ്രകാശം ഏൽപിച്ചു കൊണ്ടു ഫ്ളോറിഡയിലെ സ്വവസതിയിൽ കിടക്കുമ്പോൾ ഒരുപക്ഷേ ഒരു ചെറിയ ഡ്രോൺ അദ്ദേഹത്തിന്‍റെ പൊക്കിളിൽ ഇടിച്ചേക്കാം, വളരെ ലളിതമാണിത് എന്നാണ് ലാരിജാനി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനോട് പറഞ്ഞത്. 2020ൽ ഉന്നത ഇറാനിയൻ ജനറൽ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിൽ ട്രംപിന്‍റെ പങ്കിനെ കുറിച്ചും ലാരിജാനി പരാമർശിച്ചു.
ട്രംപിനെ കൊല്ലാനായി നടത്തിയ ഓൺലൈൻ ക്രൗഡ് ഫണ്ടിങ് ക്യാംപെയ്ൻ ആണ് അഹ്ദെ ഖൗൺ(രക്ത ഉടമ്പടി). ഇക്കഴിഞ്ഞ ജൂലൈ 8 വരെ 27 മില്യൺ ഡോളർ സമാഹരിച്ചതായാണ് ക്യാംപെയ്ൻ അവകാശപ്പെടുന്നത്. ഈ ക്യാംപെയ്ൻ തുടങ്ങിയ ശേഷമാണ് ഇത്ര വലിയ ഭീഷണി ട്രംപിനെതിരെ ഇറാൻ നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്.
ഇറാന്‍ നേതൃത്വത്തിന്‍റെ ശത്രുക്കളായി കരുതപ്പെടുന്നവർക്കെതിരെ, പ്രത്യേകിച്ച് സുപ്രീം നേതാവിനെതിരെയുള്ള നടപടികളിൽ ഏർപ്പെട്ടവർക്കെതിരെ പ്രതികാരം ചെയ്യുക എന്നതാണ് ഈ ക്യാംപെയ്നിന്‍റെ ലക്ഷ്യം. ദൈവത്തിന്‍റെ ശത്രുക്കളെയും അലി ഖമീനിയുടെ ജീവന് ഭീഷണി ഉയർത്തുന്നവരെയും നീതിപീഠത്തിലേയ്ക്ക് കൊണ്ടു വരാൻ കഴിയുന്ന ഏതൊരാൾക്കും ഈ പാരിതോഷികം നൽകുമെന്ന് അഹ്ദേ ഖൗണിന്‍റെ ഹോം പേജിൽ പ്രതിജ്ഞയെടുക്കുന്നു.
കടൽത്തീരത്ത് വെയിലേൽക്കുന്ന ട്രംപ് ഫയൽ ചിത്രം
File photo
ട്രംപിന്‍റെ മറുപടി
ഇറാന്‍റെ കൊലപാതക ഭീഷണിയെ കുറിച്ച് ഫോക്സ് ന്യൂസിലൂടെ ട്രംപ് നൽകിയ മറുപടി അതൊരു ഭീഷണിയാണെന്നു താൻ കരുതുന്നു, എന്നാൽ അതിനെ കുറിച്ച് തനിക്ക് ഉറപ്പില്ല എന്നാണ്. സൂര്യസ്നാനത്തിൽ തനിക്കു താൽപര്യമില്ലെന്നും തീരെ കുട്ടിയായിരിക്കുമ്പോളാണ് അവസാനമായി സൂര്യസ്നാനത്തിനു പോയതെന്നും ട്രംപ് ഫോക്സ് ന്യൂസിനോട് മറ്റൊരു ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
ഇതിനു മുൻപ് ട്രംപിനെയും നെതന്യാഹുവിനെയും വധിക്കുന്നതിനായി ഇറാനിലെ ഉന്നത ഷിയാ പുരോഹിതൻ ആയത്തുള്ള നാസർ മകരേം ഷിരാസി-ട്രംപിനും നെതന്യാഹുവിനുമെതിരെ ഒരു ഫത്വ പുറപ്പെടുവിച്ചിരുന്നു. രണ്ടു നേതാക്കളെയും ദൈവത്തിന്‍റെ ശത്രുക്കൾ എന്നു വിളിച്ച് ഇറാനിയൻ നേതൃത്വത്തെ ഭീഷണിപ്പെടുത്തിയതിന് അവരെ താഴെയിറക്കാൻ ലോകമെമ്പാടുമുള്ള മുസ്ലിങ്ങളെ ആഹ്വാനം ചെയ്തിരുന്നു.