ഇറാൻ-ഇസ്രയേൽ വെടിനിർത്തൽ പ്രാബല്യത്തിൽ

ഇറാനും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതായി ഡോണൾഡ് ട്രംപ്; തത്കാലം അംഗീകരിക്കുന്നെന്ന് ഇറാൻ.
Iran Israel ceasefire in force, claims Trump

ഇറാൻ-ഇസ്രയേൽ വെടിനിർത്തൽ പ്രാബല്യത്തിൽ

Updated on

ദോഹ: ഇറാനും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതായും ഇരുപക്ഷവും ഇനിയിതു ലംഘിക്കരുതെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. 'തത്കാലത്തേക്ക്' വെടിനിർത്തൽ നിലവിൽ വന്നതായി ഇറാനും സ്ഥിരീകരിച്ചു.

വെടിനിർത്തൽ ധാരണയായതായി ട്രംപ് ചൊവ്വാഴ്ച പുലർച്ചെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിനു ശേഷവും ഇരു രാജ്യങ്ങളും പരസ്പരം മിസൈൽ ആക്രമണം നടത്തിയിരുന്നു. എന്നാൽ, വെടിനിർത്തൽ കരാർ നിലവിൽ വരാൻ നിശ്ചയിച്ചിരുന്ന സമയപരിധിക്കു മുൻപ് അവസാന റൗണ്ട് ആയുധ പ്രയോഗങ്ങൾ നടത്തുകയാണുണ്ടായത് എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

ഇസ്രയേൽ ആദ്യം ആക്രമണം നിർത്തുമെന്നും അതിനു ശേഷം ഇറാനും അവസാനിപ്പിക്കുമെന്നുമായിരുന്നു ട്രംപിന്‍റെ പ്രഖ്യാപനം. കരാറൊന്നും ധാരണയായിട്ടില്ലെന്നാണ് ഇറാൻ ആദ്യം പ്രതികരിച്ചതെങ്കിലും, അവസാന മിനിറ്റ് വരെ പൊരാടിയ സൈനികർക്ക് നന്ദി പറയുന്ന സന്ദേശവും പിന്നാലെ വന്നു. ഇസ്രയേൽ തുടങ്ങിയ ആക്രമണം അവർ അവസാനിപ്പിക്കുകയാണെങ്കിൽ തങ്ങൾക്ക് യുദ്ധം തുടരാൻ താത്പര്യമില്ലെന്ന പ്രഖ്യാപനവും വന്നു.

യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ചർച്ചയിലാണ് വെടിനിർത്തൽ ധാരണയായതെന്നും, മറ്റാർക്കും അതിനു സാധിക്കുമായിരുന്നില്ല എന്നുമാണ് വൈറ്റ് ഹൗസ് അവകാശപ്പെടുന്നത്. ഇറേനിയൻ നേതാക്കളുമായി യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും ചർച്ച നടത്തി.

മധ്യസ്ഥ ശ്രമങ്ങൾക്ക് ഖത്തർ അമിറിനെയും ട്രംപ് നന്ദി അറിയിച്ചിട്ടുണ്ട്. ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്കു നേരേ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെ, തിരിച്ചടിക്കാൻ അവകാശമുണ്ടെന്നു ഖത്തർ പ്രഖ്യാപിച്ചിരുന്നെങ്കിലും, വെടിനിർത്തൽ ചർച്ചകൾ കൂടുതൽ സജീവമാക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com