
ഇറാൻ-ഇസ്രായേൽ സംഘർഷം: നാല് രാജ്യങ്ങളിലേക്കുള്ള സർവീസ് നിർത്തിവെച്ച് യു എ ഇ എയർലൈനുകൾ
ദുബായ്: ഇസ്രയേലും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച യുഎഇ എയർലൈനുകൾ ഇറാഖ്, ജോർദാൻ, ലെബനൻ, ഇറാൻ എന്നീ നാല് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു. നിരവധി രാജ്യങ്ങൾ അവരുടെ വ്യോമാതിർത്തികൾ അടച്ചതിനെത്തുടർന്ന് മിഡിലീസ്റ്റിലെയും കൊക്കേഷ്യൻ മേഖലകളിലെയും മറ്റ് അഞ്ച് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാന സർവീസുകളും റദ്ദാക്കിയതായി വിമാനക്കമ്പനികൾ അറിയിച്ചു.
ഇറാഖിലെ ബാഗ്ദാദിലേക്കും ബസ്രയിലേക്കുമുള്ള വിമാനങ്ങളും ജോർദാനിലെ അമ്മാനിലേക്കും ലെബനനിലെ ബെയ്റൂട്ടിലേക്കും ഉള്ള വിമാനങ്ങളും റദ്ദാക്കി.
ഇറാൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ വ്യോമാതിർത്തി അടച്ചതിനാൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെയും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെയും ചില വിമാനങ്ങൾ റദ്ദാക്കുകയോ വൈകിപ്പിക്കുകയോ ചെയ്തതായി ദുബായ് വിമാനത്താവള അധികൃതർ അറിയിച്ചു.
യാത്രക്കായി വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ പരിശോധിക്കാൻ എയർ ലൈൻ കമ്പനികൾ ആവശ്യപ്പെട്ടു.
ജൂൺ 13 ന് പുലർച്ചെ ഇറാൻ, ഇസ്രായേൽ എന്നിവിടങ്ങളിലെ വ്യോമാതിർത്തി താൽക്കാലികമായി അടച്ചത് ചില ഫ്ലൈദുബായ് വിമാനങ്ങളെ ബാധിച്ചതായി ഫ്ലൈദുബായ് അധികൃതർ പറഞ്ഞു.
“അമ്മാൻ, ബെയ്‌റൂട്ട്, ഡമാസ്കസ്, ഇറാൻ, ഇസ്രായേൽ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്, നിരവധി വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ അവയുടെ ലക്ഷ്യസ്ഥാനത്തേക്ക് മടക്കി അയക്കുകയോ ചെയ്തിട്ടുണ്ട്.
ഇറാൻ, ഇറാഖ്, ജോർദാൻ, റഷ്യ, അർമേനിയ, ഉസ്ബെക്കിസ്ഥാൻ, അസർബൈജാൻ, ജോർജിയ, കസാക്കിസ്ഥാൻ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി റദ്ദാക്കുന്നതായി എയർ അറേബ്യ അറിയിച്ചു.
മറ്റ് ചില വിമാനങ്ങൾക്ക് കാലതാമസമോ റൂട്ട് മാറ്റമോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് എയർ അറേബ്യ അധികൃതർ അറിയിച്ചു. ഏറ്റവും പുതിയ വിവരങ്ങൾക്ക് യാത്രക്കാർ airarabia.com എന്ന വെബ്‌സൈറ്റ് പരിശോധിക്കാൻ എയർ അറേബ്യ ആവശ്യപ്പെട്ടു.