തീമഴ; വീണ്ടും പോരിനിറങ്ങി ഇറാനും ഇസ്രയേലും, സംഘർഷം രൂക്ഷം

യുഎസിന്റെ നിർദേശം അവഗണിച്ചാണ് ഇസ്രയേൽ ഇറാനെ ആക്രമിച്ചത്
 Iran-Israel missile strikes escalate West Asia tensions

തീമഴ; വീണ്ടും പോരിനിറങ്ങി ഇറാനും ഇസ്രയേലും, സംഘർഷം രൂക്ഷം

file photo

Updated on

ജറുസലം/ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാക്കി ഇറാനും ഇസ്രയേലും. ഇരു രാജ്യങ്ങൾ തമ്മിൽ കടുത്ത മിസൈൽ ആക്രമണമാണ് നടക്കുന്നത്. ലബനനിലെ ഇസ്രയേൽ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ഇറാൻ ആക്രമണം നടത്തിയത്. പിന്നാലെ ഇസ്രയേൽ തിരിച്ചടിക്കുകയായിരുന്നു. യുഎസിന്റെ നിർദേശം അവഗണിച്ചാണ് ഇസ്രയേൽ ഇറാനെ ആക്രമിച്ചത്. ഇതോടെ യുഎസ്–ഇറാൻ സമാധാന ചർച്ചകൾ വീണ്ടും അനിശ്ചിതത്വത്തിലായി.

ഏപ്രിൽ 8ന് താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം ഇറാനും ഇസ്രയേലും തമ്മിൽ നേരിട്ട് നടത്തുന്ന ആദ്യത്തെ ആക്രമണമാണിത്. ഞായറാഴ്ച ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളിൽ ഇസ്രയേൽ കടുത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. ഇതിന് തിരിച്ചടിയായാണ് ഇറാൻ ഇസ്രയേലിന് നേരെ മിസൈലുകൾ തൊടുത്തത്. പിന്നാലെ ഇറാന്റെ ടെഹ്റാനിലും ഇസ്ഫഹാനിലും ഇസ്രയേൽ ആക്രമണം നടത്തി.

ഞായറാഴ്ച രാത്രി ഇറാന്റെ ആക്രമണം ഉണ്ടായതിന് പിന്നാലെ, തിരിച്ചടിക്കരുതെന്നും നയതന്ത്ര ചർച്ചകളിലൂടെ സാഹചര്യം കൈകാര്യം ചെയ്യണമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇസ്രയേൽ ഇത് മുഖവിലയ്ക്കെടുത്തില്ല. ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് യുഎസിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ അനുമതിയും ഉണ്ടായിരുന്നില്ലെന്നു യുഎസ് ഉദ്യോഗസ്ഥർ പറയുന്നു.

ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ഇറാൻ പടിഞ്ഞാറൻ വ്യോമാതിർത്തി അടച്ചതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. യുഎസുമായി സമാധാനക്കരാർ സാധ്യമാകണമെങ്കിൽ ലബനനെ ആക്രമിക്കുന്നത് അവസാനിപ്പിക്കണം എന്നാണ് ഇറാന്‍ പറയുന്നത്.

logo
Metro Vaartha
www.metrovaartha.com