യുദ്ധഭീതിയിൽ പശ്ചിമേഷ്യ; ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ ഒരുങ്ങുന്നു

നൂറിലേറെ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും സജ്ജമാക്കിയെന്ന് റിപ്പോർട്ട്, തന്യാഹു സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു
യുദ്ധഭീതിയിൽ പശ്ചിമേഷ്യ; ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ ഒരുങ്ങുന്നു

ജറൂസലം: ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ തയാറെടുപ്പ് ശക്തമാക്കിയതോടെ പശ്ചിമേഷ്യയിൽ ആശങ്കയും ഭീതിയും കനത്തു. 100ലേറെ ഡ്രോണുകളും നിരവധി മിസൈലുകളും ഇറാൻ സജ്ജമാക്കിയെന്നാണു റിപ്പോർട്ട്. ഏതു നിമിഷവും ഇറാൻ ആക്രമണം തുടങ്ങിയേക്കാമെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 24- 48 മണിക്കൂറിനുള്ളിൽ ആക്രമണമുണ്ടാകുമെന്നു യുഎസ് ഇന്‍റലിജൻസിനെ ഉദ്ധരിച്ച് വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ബാലിസ്റ്റിക്, ക്രൂസ് മിസൈലുകൾ ഉപയോഗിക്കുമെന്നും റിപ്പോർട്ടുണ്ട്.

സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റ് കെട്ടിടത്തിന് നേരെ ഈ മാസം ഒന്നിന് ഇസ്രയേൽ നടത്തിയ ആക്രമണമാണ് ഇറാനെ പ്രകോപിപ്പിച്ചത്. കോൺസുലേറ്റ് ആക്രമണത്തിൽ ഇറാൻ റവലൂഷനറി ഗാർഡ്സിന്‍റെ മുതിർന്ന കമാൻഡർമാരായ മുഹമ്മദ് റിസ സഹേദി, മുഹമ്മദ് ഹാദി റഹീമി എന്നിവരടക്കം 13 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടി നൽകുമെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമീനി പ്രഖ്യാപിച്ചിരുന്നു.

ഇറാന്‍റെ ആക്രമണത്തെ പ്രതിരോധിക്കുന്നത് സംബന്ധിച്ച് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. യുദ്ധ ക്യാബിനറ്റ് ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഇസ്രയേലിനെ ആക്രമിക്കരുതെന്ന് യുഎസ് ഇറാന് മുന്നറിയിപ്പു നൽകി. പ്രതിരോധിക്കാൻ ഇസ്രയേലിനു സ്വാതന്ത്ര്യമുണ്ടെന്നു പറഞ്ഞ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ, ജറൂസലമിനു പിന്തുണ നൽകുമെന്നും വ്യക്തമാക്കി.

ഇറാന്‍റെ ഭീഷണിയെത്തുടർന്ന് ഇസ്രയേൽ സൈനികരുടെ അവധി റദ്ദാക്കി തിരിച്ചുവിളിച്ചു. റിസർവ് സേനാംഗങ്ങളെയും വിളിപ്പിച്ചു. ഇതിനിടെയും ഗാസയിൽ ഇസ്രയേൽ അതിശക്തമായി ആക്രമണം തുടരുകയാണ്. അതേസമയം, തിരക്കുപിടിച്ച് നടപടിക്കില്ലെന്നാണ് ടെഹ്റാന്‍റെ പ്രതികരണം. ഗാസയിൽ വെടിനിർത്തലിനുവേണ്ടിയാണ് ഇപ്പോഴും ശ്രമിക്കുന്നതെന്നും ഇറാൻ പറയുന്നു.

ഒക്റ്റോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ ഇറാന്‍റെ പിന്തുണയോടെ ഹമാസ് നടത്തിയ ആക്രമണത്തെത്തുടർന്നാണ് ഇസ്രയേൽ ഗാസയിൽ സൈനിക നടപടി ആരംഭിച്ചത്. ഇതോടെ, ഇറാന്‍റെ പിന്തുണയുള്ള ഹിസ്ബുള്ള ഭീകരർ അടക്കം ഇസ്രയേലിനെതിരേ രംഗത്തെത്തി. ഇവരെ നേരിടാൻ സിറിയയിലും ലെബനനിലും ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു.

ഇറാൻ, ഇസ്രയേൽ യാത്ര ഒഴിവാക്കണമെന്നു കേന്ദ്രം

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം വ്യാപിക്കുന്നുവെന്ന ആശങ്ക കനത്തതോടെ ഇസ്രയേലിലേക്കും ഇറാനിലേക്കുമുള്ള യാത്രകൾ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ രാജ്യത്തെ പൗരന്മാരോട് നിർദേശിച്ചു. ഇറാനിലും ഇസ്രയേലിലുമുള്ള ഇന്ത്യൻ പൗരന്മാർ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യണം. സുരക്ഷാ നിർദേശങ്ങൾ പൂർണമായി പാലിക്കണം. യാത്രകൾ ഒഴിവാക്കണമെന്നും ഇവരോട് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു. യുഎസ്, യുകെ, ഓസ്ട്രേലിയ രാജ്യങ്ങളും പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പ് നൽകി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com