"ഞങ്ങൾ തയാർ, തിരിച്ചടിക്ക് അമെരിക്ക കാത്തിരുന്നോളൂ!" ട്രംപിന്‍റെ ഉപരോധ ഭീഷണിയിൽ നിലപാട് കടുപ്പിച്ച് ഇറാൻ

ഇറാന്‍റെ സാമ്പത്തിക അടിത്തറ തകർക്കാൻ ട്രംപ് ഭരണകൂടം ഉപരോധങ്ങൾ വിപുലീകരിച്ചതിനു പിന്നാലെ, കടുത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ടെഹ്‌റാൻ
"ഞങ്ങൾ തയാർ, തിരിച്ചടിക്ക് അമെരിക്ക കാത്തിരുന്നോളൂ!" ട്രംപിന്‍റെ ഉപരോധ ഭീഷണിയിൽ നിലപാട് കടുപ്പിച്ച് ഇറാൻ

ഇറാനെതിരേ സാമ്പത്തിക ഉപരോധം കടുപ്പിച്ച് യുഎസ്, തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ.

Updated on

ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ അമെരിക്ക-ഇറാൻ സംഘർഷം പുതിയ ഘട്ടത്തിലേക്ക്. ഇറാന്‍റെ സാമ്പത്തിക അടിത്തറ തകർക്കാൻ ട്രംപ് ഭരണകൂടം ഉപരോധങ്ങൾ വിപുലീകരിച്ചതിനു പിന്നാലെ, കടുത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ടെഹ്‌റാൻ രംഗത്തെത്തി. തങ്ങൾ പൂർണ സജ്ജരാണെന്നും ഇനി പ്രതിരോധം മാത്രമല്ല, അമെരിക്കൻ താത്പര്യങ്ങൾക്കെതിരേ കടുത്ത തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ സാമ്പത്തിക മന്ത്രി അലി മദനിസാദെ വ്യക്തമാക്കി.

പേർഷ്യൻ ഗൾഫിൽ നിന്നുള്ള എണ്ണ കയറ്റുമതി തടയുന്നതിനൊപ്പം ആവശ്യമായി വന്നാൽ സൈനിക തിരിച്ചടി നൽകാനും മടിക്കില്ലെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ്സ് വക്താവും വ്യക്തമാക്കിയിട്ടുണ്ട്.

യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റ് പ്രഖ്യാപിച്ച പുതിയ ഉപരോധ നീക്കങ്ങളെ പരിഹസിച്ചുകൊണ്ട് ഇറാൻ പാർലമെന്‍റ് സ്പീക്കർ മൊഹമ്മദ് ബാഗർ ഘാലിബാഫ് രംഗത്തെത്തി: "അമെരിക്കയുടെ ഈ അലർച്ച കേട്ട് ആരും പേടിക്കില്ലെന്ന് അവർക്ക് തന്നെ അറിയാം. മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം തടയാൻ തക്ക സാമ്പത്തിക ശേഷിയൊന്നും നിലവിൽ അമെരിക്കയ്ക്കില്ല. ചൈനയോ റഷ്യയോ മറ്റ് പങ്കാളിത്ത രാജ്യങ്ങളോ അമെരിക്കയുടെ ഈ ഭീഷണി വച്ചുപൊറുപ്പിക്കില്ലെന്ന് ഞങ്ങളെ അറിയിച്ചിട്ടുണ്ട്."

അതേസമയം, ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങളെ ഡോളർ അധിഷ്ഠിത സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് പുറത്താക്കുമെന്നാണ് അമെരിക്ക നൽകിയിരിക്കുന്ന മുന്നറിയിപ്പ്. 60 വ്യക്തികൾ, സ്ഥാപനങ്ങൾ, കപ്പലുകൾ എന്നിവയ്‌ക്കെതിരെ യു.എസ് ഉപരോധം ഏർപ്പെടുത്തി.

ഇറാന്‍റെ പ്രധാന വ്യാപാര പങ്കാളിയായ ചൈനയിലെ ധനകാര്യ സ്ഥാപനങ്ങളെ തത്കാലം ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇവർക്ക് മാറാൻ സമയം അനുവദിക്കുമെന്നാണ് യുഎസ് വ്യക്തമാക്കുന്നത്.

അമെരിക്കയുടെയും ഇസ്രയേലിന്‍റെയും ആക്രമണങ്ങൾ ആറു മാസം പിന്നിടുമ്പോഴും ഇറാന്‍റെ മിസൈൽ, ഡ്രോൺ കരുത്ത് തകർക്കാൻ കഴിഞ്ഞിട്ടില്ല. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിനും എണ്ണ വിപണിക്കും മേലുള്ള ഭീഷണി നിലനിൽക്കുന്നതിനാൽ സംഘർഷം ആഗോള തലത്തിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com