

പുതിയ ഭീഷണിയുമായി ഇറാൻ.
ടെഹ്‌റാന്‍: ഇറാനെതിരേ അമെരിക്ക ഇനിയൊരു ആക്രമണം കൂടി നടത്തിയാല്‍, സംഘര്‍ഷം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചേക്കാമെന്ന് ഇറാന്‍ പരമോന്നത നേതാവിന്‍റെ മുതിര്‍ന്ന ഉപദേഷ്ടാവായ യഹ്യ റഹീം സഫവിയുടെ മുന്നറിയിപ്പ്. ഇറാന്‍-യുഎസ് പോരാട്ടം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും അതിനപ്പുറത്തേക്കും നീങ്ങിയേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നും ഹോര്‍മുസ് കടലിടുക്കില്‍ നിന്നും ചെങ്കടലിലേക്ക് സംഘര്‍ഷം വ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇനി യുഎസിന്‍റെ ഭാഗത്തുനിന്നും കൂടുതല്‍ സൈനിക നടപടികള്‍ ഉണ്ടായാല്‍ പോരാട്ടത്തിന്‍റെ വ്യാപ്തി ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും ഒരുപക്ഷേ അതിനപ്പുറത്തേക്കും നീളുമെന്നു സഫവി പറഞ്ഞു. ഇറാനില്‍ നിന്ന് ഏകദേശം 4,000 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഡിയാഗോ ഗാര്‍സിയയിലെ തന്ത്രപ്രധാനമായ യുഎസ്-ബ്രിട്ടീഷ് സൈനിക താവളം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
ഇറാനും യുഎസും തമ്മില്‍ പരസ്പരം ഭീഷണികളും ആരോപണങ്ങളും തുടരുന്നതിനിടെയാണ് അദേഹത്തിന്‍റെ മുന്നറിയിപ്പ്. അതേസമയം, ഖത്തര്‍ വഴിയുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് ഇരുപക്ഷവും സൂചിപ്പിച്ചിട്ടുണ്ട്. ഇതോടെ നയതന്ത്രനീക്കങ്ങളും സംഘര്‍ഷം കൂടുതല്‍ വഷളാകാനുള്ള സാധ്യതയും ഒരേസമയം ഉയരുന്ന സാഹചര്യമാണുള്ളത്.
ലോകത്തിലെ അഞ്ച് സമുദ്രവിഭാഗങ്ങളില്‍ മൂന്നാമത്തെ വലിയ സമുദ്രമാണ് ഇന്ത്യന്‍ മഹാസമുദ്രം. ഏകദേശം 70.5 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ (27.2 ദശലക്ഷം ചതുരശ്ര മൈല്‍) വിസ്തൃതിയുണ്ട്. ഇതിന്‍റെ വടക്ക് ഭാഗത്ത് ഇന്ത്യ, ഇറാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ സ്ഥിതിചെയ്യുന്നു.
യുദ്ധം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് വ്യാപിക്കുകയാണെങ്കില്‍, അതിന്‍റെ പ്രത്യാഘാതങ്ങള്‍ യുദ്ധത്തില്‍ നേരിട്ട് ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്കും അപ്പുറത്തേക്ക് നീളുമെന്നത് ഉറപ്പാണ്. സമുദ്രപാതകളിലുണ്ടാകുന്ന തടസങ്ങള്‍, ഊര്‍ജ വിലയില്‍ കുത്തനെയുള്ള വര്‍ധന, മേഖലയിലെ രാജ്യങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന സുരക്ഷാ വെല്ലുവിളികള്‍ എന്നിവയായിരിക്കും യുദ്ധം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് വ്യാപിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍.
ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ വടക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഇന്ത്യയ്ക്ക് ഗള്‍ഫ് മേഖല, ആഫ്രിക്ക, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവയുമായി വിപുലമായ സമുദ്രവ്യാപാര ബന്ധങ്ങളുണ്ട്. അതിനാല്‍, യുദ്ധം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് വ്യാപിച്ചാല്‍ അത് കപ്പല്‍ ഗതാഗതം, ഇന്‍ഷ്വറന്‍സ്, ഊര്‍ജ വിതരണം, പ്രാദേശിക വ്യാപാരം എന്നിവയ്ക്ക് ഭീഷണിയായേക്കാം.
അമെരിക്ക-ഇറാന്‍ സംഘര്‍ഷം ഇന്ത്യയില്‍ ഇതിനകം തന്നെ പ്രകടമായ ആഘാതം ഏല്‍പ്പിച്ചിട്ടുണ്ട്; പ്രധാനമായും ഇന്ധനം, എല്‍പിജി വില, ഷിപ്പിങ് ചെലവ് എന്നിവയിലുണ്ടായ വര്‍ധനയാണ് ആഘാതം ഏല്‍പ്പിച്ചത്. ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷങ്ങള്‍ ഊര്‍ജ വിതരണത്തെ തടസപ്പെടുത്തിയതോടെ ക്രൂഡ് ഓയില്‍ വില ഉയരുകയും, ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് വര്‍ധിക്കുകയും രൂപയുടെ മൂല്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു.
ഇന്ത്യ ആവശ്യമായ ക്രൂഡ് ഓയിലിന്‍റെ 88 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്നതിനാല്‍, ഹോര്‍മുസ് കടലിടുക്കിലുണ്ടാകുന്ന തടസങ്ങള്‍ രാജ്യത്തെ നേരിട്ട് ബാധിക്കുന്നുണ്ട്. ഈ മാസം ബ്രെന്‍റ് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളര്‍ പിന്നിടുന്നതിനും വിപണി സാക്ഷ്യം വഹിച്ചു.