

ഇറാന്‍ പാര്‍ലമെന്‍റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ്.
File photo
ടെഹ്‌റാന്‍: ഇറാനിലെ ഭരണകൂടത്തിനും ആത്മീയ നേതൃത്വത്തിനും എതിരേ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാവുകയാണ്. പ്രതിഷേധങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളാണ് ഭരണകൂടം നടത്തുന്നത്. എന്നാല്‍ അതിന്‍റെ പേരില്‍ യുഎസ് ആക്രമിച്ചാല്‍ യുഎസിനും ഇസ്രയേലിനും കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പാര്‍ലമെന്‍റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് പറഞ്ഞു. അശാന്തിയുടെ സമയത്ത് സംയമനത്തോടെ ഉറച്ചുനില്‍ക്കുന്നതിന് ഇറാന്‍റെ സുരക്ഷാ സേനയെ ഖാലിബാഫ് പ്രശംസിച്ചു.
ഇറാന്‍ ആക്രമിക്കപ്പെട്ടാല്‍ പ്രദേശത്തെ എല്ലാ അമെരിക്കന്‍ സൈനിക കേന്ദ്രങ്ങളും താവങ്ങളും കപ്പലുകളും ആയിരിക്കും ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഖാലിബാഫ് പറഞ്ഞു. ഇറാനെ അസ്ഥിരപ്പെടുത്താന്‍ കലാപകാരികളെയും തീവ്രവാദികളെയും പ്രേരിപ്പിച്ചു കൊണ്ട് യുഎസും ഇസ്രയേലും അശാന്തിക്ക് ഇന്ധനം നല്‍കുകയാണെന്ന് ഇറാന്‍ പ്രസിഡന്‍റ് മസൂദ് പെഷേഷ്‌കിയാന്‍ ഞായറാഴ്ച ആരോപിച്ചു.
അക്രമാസക്തമായ കാര്യങ്ങളില്‍ നിന്ന് അകലം പാലിക്കാന്‍ പൗരന്മാരോട് പ്രസിഡന്‍റ് ആവശ്യപ്പെടുകയും ചെയ്തു.അതേസമയം ഇറാനില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുമ്പോള്‍ ഇറാനിലെ അവസാന ഷായുടെ നാടുകടത്തപ്പെട്ട മകനായ റെസ പഹ്‌ലവി ദേശീയ നേതാവായി സ്വയം സ്ഥാപിക്കാനുള്ള ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്. 1979ലാണ് ഇസ്‌ലാമിക വിപ്ലവത്തിലൂടെ പഹ്‌ലവിയുടെ പിതാവിനെ അട്ടിമറിച്ചത്.
യുഎസില്‍ താമസിച്ചു വരുന്ന പഹ്‌ലവി ഇറാനില്‍ പ്രതിഷേധക്കാരെ പിന്തുണച്ച് രംഗത്തു വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇറാനില്‍ പ്രതിഷേധിക്കുന്നവര്‍ പഹ്‌ലവിയെ അടുത്ത നേതാവായി കാണാന്‍ ആഗ്രഹിക്കുന്നവരല്ല. പകരം വിശാലമായ ഒരു രാഷ്‌ട്രീയ മാറ്റം ആഗ്രഹിക്കുന്നവരാണ്. രാജ്യത്ത് മതേതരവും ജനാധിപത്യപരവുമായ പരിവര്‍ത്തനമാണ് ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നത്.
ഇറാനിയന്‍ റിയാലിന്‍റെ കുത്തനെയുള്ള തകര്‍ച്ചയും ജീവിതച്ചെലവ് വര്‍ധിച്ചതും കാരണം ഏകദേശം 14 ദിവസം മുമ്പാണ് പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഇത് വളരെ പെട്ടെന്നു തന്നെ ഇറാന്‍റെ ഭരണകൂടത്തിനെതിരേയുള്ള പ്രതിഷേധമായി മാറി.
ടെഹ്റാന്‍, മഷാദ്, കെര്‍മാന്‍ എന്നിവിടങ്ങളിലും മറ്റ് നഗരങ്ങളിലും പ്രകടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്‍റര്‍നെറ്റ് കര്‍ശനമായി നിയന്ത്രിക്കുകയും ഫോണ്‍ ബന്ധം വിച്ഛേദിക്കുകയും ചെയ്തിരിക്കുകയാണ്. യുഎസ് ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജന്‍സി പറയുന്നത് പ്രതിഷേധങ്ങളില്‍ കുറഞ്ഞത് 116 പേര്‍ കൊല്ലപ്പെടുകയും 2,600ല്‍ അധികം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ടെന്നാണ്.
പ്രതിഷേധിച്ചാല്‍ വധശിക്ഷ
ടെഹ്‌റാന്‍: ഇറാനില്‍ ഭരണവിരുദ്ധ പ്രതിഷേധങ്ങള്‍ രണ്ടാഴ്ച പിന്നിടുമ്പോള്‍ ആയത്തൊള്ള ഖമനേയിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം പ്രകടനക്കാര്‍ക്കെതിരേ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവരെയും ' ദൈവത്തിന്‍റെ ശത്രുക്കളായി ' കണക്കാക്കി നിയമപ്രകാരം വധശിക്ഷയ്ക്ക് വിധേയരാക്കുമെന്നു ഇറാന്‍റെ അറ്റോര്‍ണി ജനറല്‍ മുഹമ്മദ് മൊവാഹെദി ആസാദ് പറഞ്ഞു.
ഇറാനില്‍ പ്രതിഷേധം ആളിക്കത്തുമ്പോള്‍ ഇടപെടാനുള്ള രാജ്യത്തിന്‍റെ പദ്ധതികളെക്കുറിച്ച് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് സൂചന നല്‍കി. 'ഒരുപക്ഷേ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം ഇറാന്‍ സ്വാതന്ത്ര്യത്തിലേക്ക് നോക്കുകയാണ്. യുഎസ് സഹായിക്കാന്‍ തയാറാണ്! ' ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ ട്രംപ് പറഞ്ഞു.