
ഒലെഗ് ദിമിട്രിയേവിച്ച് കനോനെങ്കോ -റഷ്യ
റീന വർഗീസ് കണ്ണിമല
സുനിതയും ബുച്ചും സുരക്ഷിതമായി ഭൂമിയിലെത്തിയതിന്‍റെ ആശ്വാസത്തിലാണ് ലോകം മുഴുവൻ. ഇത്തവണ പോയപ്പോൾ അവിടെ കഴിച്ച 286 ദിവസം ഉൾപ്പടെ ആകെ 608 ദിവസമാണ് സുനിത ബഹിരാകാശത്ത് കഴിഞ്ഞത്. ഏതാണ്ട് രണ്ടു വർഷത്തിനടുത്തു വരും ഇത്.
ഏറ്റവും കൂടുതൽ ദിവസം ബഹിരാകാശത്ത് സഞ്ചരിച്ചതിന്‍റെ റെക്കോർഡ് ഒലെഗ് ദിമിട്രിയേവിച്ച് കനോനെങ്കോയ്ക്ക്
എന്നാൽ ഇത് ലോകറെക്കോർഡല്ല. പല സമയങ്ങളിലായി ആകെ കണക്കു കൂട്ടി നോക്കുമ്പോൾ ലോകത്തിൽ ഏറ്റവും കൂടുതൽ ദിവസം ബഹിരാകാശത്ത് സഞ്ചരിച്ചതിന്‍റെ റെക്കോർഡ് ഒരു റഷ്യൻ ബഹിരാകാശ സഞ്ചാരിക്കാണ്- പേര് ഒലെഗ് ദിമിട്രിയേവിച്ച് കനോനെങ്കോ! വിവിധ അവസരങ്ങളിലായി 1000 ദിവസത്തിലധികമാണ് അദ്ദേഹം ബഹിരാകാശത്ത് കഴിഞ്ഞത്. ചരിത്രത്തിലാദ്യമായി 1000 ദിവസം ബഹിരാകാശത്തു കഴിഞ്ഞ വ്യക്തി എന്ന നേട്ടം ആദ്യമായി കരസ്ഥമാക്കിയതും ഇദ്ദേഹം തന്നെ. 16 വർഷങ്ങൾക്കിടെ വിവിധ തവണകളിലായി 1,110 ദിവസം, 14 മണിക്കൂർ, 57 മിനിറ്റ് -അതായത് 33 മാസങ്ങൾക്ക് തുല്യം- ആണ് അദ്ദേഹം ബഹിരാകാശത്ത് കഴിഞ്ഞത്. ഇപ്പോൾ 60 വയസുള്ള ഒലെഗ് ബഹിരാകാശ സ്റ്റേഷനുകളുമായുള്ള തന്‍റെ പ്രവർത്തന മേഖലയിൽ ഒരു എൻജിനീയർ എന്ന നിലയിൽ സജീവമാണ്.
ഒറ്റ ബഹിരാകാശ യാത്രയ്ക്കുള്ള ലോക റെക്കോർഡ് വലേരി പോളിയോക്കോവിന്
സോവിയറ്റ് യൂണിയന്‍റെ അഭിമാനമായിരുന്ന വലേരി പോളിയോക്കോവ് 2022ൽ തന്‍റെ 80ാം വയസിൽ അന്തരിച്ചു
മറ്റു ചില രേഖകൾ പ്രകാരം 1995ൽ റഷ്യൻ ബഹിരാകാശ യാത്രികനായ വലേരി പോളിയോക്കോവാണ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഒറ്റ ബഹിരാകാശ യാത്രയ്ക്കുള്ള ലോക റെക്കോർഡ് നേടിയത്.
437 ദിവസവും 17 മണിക്കൂറും 38 മിനിറ്റുമായിരുന്നു അദ്ദേഹം തുടർച്ചയായി ബഹിരാകാശത്ത് കഴിഞ്ഞത്.ആ സമയത്ത് 7075 തവണയാണ് അദ്ദേഹം ഭൂമിയെ വലം വച്ചത്.സോവിയറ്റ് യൂണിയന്‍റെ അഭിമാനമായിരുന്ന വലേരി പോളിയോക്കോവ് 2022ൽ തന്‍റെ 80ാം വയസിൽ അന്തരിച്ചു.
പെഗ്ഗി വിറ്റ്സൺ
ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞ വനിത
ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞ വനിത എന്ന റെക്കോർഡ് അമെരിക്കൻ ബഹിരാകാശ യാത്രിക പെഗ്ഗി വിറ്റ്സണിന്‍റെ പേരിലാണ്. നിലവിൽ നാസയുടെ പ്രവർത്തനങ്ങളിൽ സജീവമാണ് പെഗ്ഗി.
675 ദിവസമാണ് പെഗ്ഗി ബഹിരാകാശത്ത് കഴിഞ്ഞത്. എന്നാൽ ആകെ ദിവസങ്ങളുടെ എണ്ണത്തിൽ പെഗ്ഗി രണ്ടാമതാണ്. ഇങ്ങനെ നോക്കുമ്പോൾ സുനിത വില്യംസ് മൂന്നാം സ്ഥാനത്താണ്. സ്ത്രീകൾ മാത്രമുള്ള കണക്കെടുക്കുമ്പോൾ സുനിത രണ്ടാം സ്ഥാനത്തും.