ഖാലിസ്ഥാൻ നേതാക്കളുടെ കൊലയ്ക്കു പിന്നിൽ പാക്കിസ്ഥാൻ?

തങ്ങളുടെ അപ്രീതിക്കു പാത്രമായ മുതിർന്ന നേതാക്കളെ കൊന്നുതള്ളി, പകരം യുവനേതൃത്വത്തെ പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് ഇപ്പോഴവർ നടത്തുന്നതെന്നാണ് സംശയം
അവതാർ സിങ് ഖണ്ഡ, ഹർദീപ് സിങ് നിജ്ജർ, പരംജിത് സിങ് പഞ്ച്‌വർ.
അവതാർ സിങ് ഖണ്ഡ, ഹർദീപ് സിങ് നിജ്ജർ, പരംജിത് സിങ് പഞ്ച്‌വർ.

ന്യൂഡൽഹി: കഴിഞ്ഞ മേയ് മാസം മുതൽ ഖാലിസ്ഥാൻ തീവ്രവാദികളുടെ മൂന്ന് പ്രമുഖ നേതാക്കളാണ് കൊല്ലപ്പെട്ടത്. ഏറ്റവുമൊടുവിൽ, ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് മേധാവി ഹർദീപ് സിങ് നിജ്ജറിന്‍റെ കൂടി കൊലപാതകത്തോടെ ഇതിനു പിന്നിൽ പാക്കിസ്ഥാൻ ചാര സംഘടനയായ ഐഎസ്ഐ ആണെന്ന സം‍ശയമുയരുന്നു.

1985ലെ കനിഷ്ക വിമാനം റാഞ്ചൽ കേസിൽ പ്രതിയായിരുന്ന റിപുദമൻ മാലിക്കിന്‍റെ കൊലപാതകത്തിനു സമാനമായിരുന്നു നിജ്ജറിന്‍റെയും അന്ത്യം. മേയ് ആറിന് ഖാലിസ്ഥാൻ കമാൻഡോ ഫോഴ്സ് മേധാവി പരംജിത് സിങ് പഞ്ച്‌വർ പാക്കിസ്ഥാനിൽ വച്ചുതന്നെ കൊല്ലപ്പെട്ടു.

ഖാലിസ്ഥാൻ തീവ്രവാദികൾക്കു പ്രോത്സാഹനവും പിന്തുണയുമെല്ലാം നൽകുന്നതിൽ ഐഎസ്‌ഐ മുൻപ് സജീവമായിരുന്നു. എന്നാൽ, തങ്ങളുടെ അപ്രീതിക്കു പാത്രമായ മുതിർന്ന നേതാക്കളെ കൊന്നുതള്ളി, പകരം യുവനേതൃത്വത്തെ പ്രതിഷ്ഠിക്കാനുള്ള ശ്രമമാണ് ഇപ്പോഴവർ നടത്തുന്നതെന്നാണ് സംശയം.

നിരവധി ഭീകരവാദ കേസുകളിൽ പ്രതിയായിരുന്നു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നിജ്ജർ. മറ്റു പല ഖാലിസ്ഥാൻ തീവ്രവാദികളെയും പോലെ ഇയാളും വർഷങ്ങളായി ക്യാനഡയിലാണ് താമസം. അവിടെ വാൻകോവറിലെ ഇന്ത്യൻ കോൺസുലേറ്റിൽ എൺപതടി പൊക്കമുള്ള ഖാലിസ്ഥാൻ പതാക ഉയർത്തിയതോടെയാണ് നിജ്ജർ കുപ്രസിദ്ധിയാർജിക്കുന്നത്. ഇയാളെ പിടിക്കാൻ സഹായിക്കുന്നവർക്ക് എൻഐഎ പത്തു ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുക വരെ ചെയ്തിരുന്നു.

ഐഎസ്ഐ ബന്ധത്തിനൊപ്പം, ഖാലിസ്ഥാനികളിലെ വിവിധ വിഭാഗങ്ങൾ തമ്മിൽ വളർന്നുവരുന്ന പകയും നിജ്ജർ അടക്കമുള്ളവരുടെ കൊലപാതകത്തിനു കാരണമായെന്ന് ഇന്ത്യൻ അന്വേഷണ ഏജൻസികൾക്കു സംശയമുണ്ട്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ആക്രമിക്കാൻ നേതൃത്വം കൊടുത്ത അവതാർ സിങ് ഖണ്ഡയുടെ കൊലപാതകത്തോടെയാണ് ഇങ്ങനെയൊരു സംശയം ബലപ്പെടുന്നത്. പാക് ചാര സംഘടനയുടെ നിയന്ത്രണത്തിലാണ് ഖണ്ഡ പ്രവർത്തിച്ചിരുന്നതെന്ന സൂചനകളും ലഭിച്ചിരുന്നു.

ഇന്ത്യൻ പൗരത്വമുണ്ടായിരുന്ന ഖണ്ഡയോട് ഐഎസ്ഐക്ക് താത്പര്യം കുറഞ്ഞിരുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇയാളെ ബ്രിട്ടീഷ് അധികൃതർ ഇന്ത്യയിലേക്കു നാടുകടത്തുമെന്ന ആശങ്കയും പാക് അധികൃതർക്കുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാൽ ഖാലിസ്ഥാൻവാദത്തിനു പിന്നിലെ പാക്കിസ്ഥാന്‍റെ പങ്കിന് വ്യക്തമായ തെളിവുകൾ ഇന്ത്യയ്ക്കു ലഭിക്കുകയും ചെയ്യുമായിരുന്നു. ഈ സാഹചര്യത്തിൽ ഐഎസ്ഐയുടെ നിർദേശപ്രകാരം നിജ്ജറാണ് ഖണ്ഡയെ വധിച്ചതെന്നും, അതിനു പ്രതികാരമായി ഖണ്ഡയുടെ അനുയായികൾ നിജ്ജറിനെ കൊല്ലുകയായിരുന്നു എന്നുമാണ് വിലയിരുത്തൽ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com