
ധാക്ക: ഹിന്ദു സന്ന്യാസി ചിന്മയ് കൃഷ്ണദാസ് ബംഗ്ലാദേശിൽ അറസ്റ്റിലായതിൽ പ്രതിഷേധം കനക്കുന്നതിനിടെ, ഇസ്കോൺ ബംഗ്ലാദേശ് അദ്ദേഹത്തെ പുറത്താക്കി. സംഘടനയിലെ എല്ലാ സ്ഥാനങ്ങളിൽനിന്നും ചിന്മയ് കൃഷ്ണദാസിനെ മാറ്റിയതായി ഇസ്കോൺ ബംഗ്ലാദേശ് ജനറൽ സെക്രട്ടറി ചാരു ചന്ദ്രദാസ് ബ്രഹ്മചാരി വ്യക്തമാക്കി.
രാജ്യദ്രോഹക്കുറ്റമാണ് കൃഷ്ണദാസിനു മേൽ ചുമത്തിയിരിക്കുന്നത്. അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങൾ ഇസ്കോണിന്‍റെ ആശയങ്ങളെ പ്രതിനിധീകരിക്കുന്നതല്ലെന്ന് ചാരു ചന്ദ്രദാസ് പറഞ്ഞു. അച്ചടക്കലംഘനം നടത്തിയതിനാണ് സംഘടനയിലെ സ്ഥാനങ്ങളിൽ നിന്നു പുറത്താക്കിയതെന്നും വിശേഷണം.
ചിന്മയ് കൃഷ്ണദാസിന്‍റെ പ്രവർത്തനങ്ങളിൽ ഇസ്കോണിനു പങ്കില്ല. ചിറ്റഗോങ്ങിലെ ശ്രീ ശ്രീ പുണ്ഡരീക് ധാം മേധാവിയായിരുന്ന ചിന്മയ് കൃഷ്ണദാസിനെയും, ലീലാരാജ് ഗൗർ ദാസ്, ഗൗരാംഗ് ദാസ് എന്നിവരെയും മാസങ്ങൾക്കു മുൻപേ സ്ഥാനങ്ങളിൽനിന്നു പുറത്താക്കിയതാണ്- ചാരു ചന്ദ്രദാസ് കൂട്ടിച്ചേർത്തു.
അഭിഭാഷകൻ സെയ്ഫുൾ ഇസ്ലാം ആലിഫിന്‍റെ മരണത്തിൽ ഇസ്കോണിന് ഒരുതരത്തിലുള്ള പങ്കുമില്ല. ഇതുമായി സംഘടനയെ തെറ്റായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഹൈന്ദവ സംഘടനയാ ഇസ്കോണിന് മതമൗലികവാദ സ്വഭാവമുണ്ടെന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാമുദായിക സംഘർഷത്തെയല്ല, ഐക്യത്തെയും മൈത്രിയെയുമാണ് ഇസ്കോൺ പ്രോത്സാഹിപ്പിക്കുന്നതെന്ന് ചാരു ചന്ദ്രദാസ് അവകാശപ്പെട്ടു.
ഒക്റ്റോബറിൽ നടത്തിയ ഒരു റാലിക്കിടെ ചിന്മയ് കൃഷ്ണദാസും മറ്റു പതിനെട്ടു പേരും ചേർന്ന് ബംഗ്ലാദേശിന്‍റെ ദേശീയ പതാകയ്ക്കു മീതേ കാവിക്കൊടി ഉയർത്തിയെന്ന കേസിലാണ് അദ്ദേഹത്തിനു മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്.