
ന്യൂഡൽഹി: ഇസ്രയേൽ-ഹമാസ് യുദ്ധം തുടരുന്നതിനിടെ അസാധാരണ അടിയന്തരയോഗം വിളിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി. സൗദി അറേബ്യയിലെ ജിദ്ദയിൽ വെച്ച് ബുധനാഴ്ചയാണ് യോഗം. ഇസ്രയേൽ സൈനിക നീക്കത്തിലൂടെ ഗാസയിലെ സാധാരണക്കാരായ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം യോഗത്തിൽ ചർച്ചയാകും.
സൗദിയുടെ ക്ഷണപ്രകാരമാണ് അറബ് രാജ്യങ്ങൾ മന്ത്രിതല യോഗത്തിൽ അടിയന്തരയോഗം ചേരുന്നത്. യു എൻ അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളുടെ മുന്നറിയിപ്പ് ഇസ്രയേൽ അവഗണിക്കുകയാണെന്ന് സൗദി ആരോപിച്ചു. ഇസ്രയിലുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ചർച്ചകളിൽ നിന്ന് സൗദി അറേബ്യ പിന്മാറിയതിന് പിന്നാലെയാണ് അടിയന്തരയോഗം വിളിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.