
ജറൂസലം: ബന്ദികളെ മോചിപ്പിക്കുന്നതു സംബന്ധിച്ച ധാരണ ഹമാസ് ലംഘിച്ചതായി ഇസ്രയേല്‍ ആരോപിക്കുന്നു. ബന്ദികളുടെ മോചിപ്പിക്കുമ്പോൾ, കുട്ടികളെ അമ്മയില്‍ നിന്നു വേര്‍പിരിക്കില്ലെന്നു ധാരണയുണ്ടായിരുന്നു. അതായത്, കുഞ്ഞിനെ ബന്ദിയാക്കിക്കൊണ്ട് അമ്മയെയോ, അമ്മയെ ബന്ദിയാക്കി കുട്ടിയെയോ മോചിപ്പിക്കരുതെന്നായിരുന്നു ധാരണയില്‍. എന്നാല്‍ കഴിഞ്ഞ ദിവസം ഹമാസ് ഈ വ്യവസ്ഥ ലംഘിച്ചെന്ന് ഇസ്രയേല്‍ ആരോപിക്കുന്നു.
കഴിഞ്ഞദിവസം മോചിപ്പിക്കപ്പെട്ട പതിമൂന്നുകാരി ഹില റോട്ടമിന്‍റെ കാര്യത്തിലാണു വ്യവസ്ഥ ലംഘിക്കപ്പെട്ടത്. ഹിലയുടെ അമ്മ റയ ഇപ്പോഴും ബന്ദിയായി തുടരുകയാണ്. അമ്മയെയും മകളെയും വേര്‍പിരിച്ച നടപടിയെ ശക്തമായി അപലപിക്കുന്നുവെന്ന് ഇസ്രയേല്‍ അറിയിച്ചു. ഖത്തറിന്‍റെ മധ്യസ്ഥതയില്‍ ഉരുത്തിരിഞ്ഞ കരാറിലെ പ്രധാന വ്യവസ്ഥയായിരുന്നു ഇത്.
ശനിയാഴ്ച പതിനേഴോളം പേരെയാണ് ഹമാസ് മോചിപ്പിച്ചത്. ഇതില്‍ പതിമൂന്ന് ഇസ്രയേലികളും ഉള്‍പ്പെടുന്നു. ഇസ്രയേല്‍ 39 പലസ്തീന്‍ തടവുകാരെയും ശനിയാഴ്ച മോചിപ്പിച്ചു. ശനിയാഴ്ചത്തെ മോചിപ്പിക്കല്‍ നടപടികള്‍ക്ക് ഹമാസ് കാലതാമസം വരുത്തിയിരുന്നു. സഹായവുമായെത്തിയ ട്രക്കുകള്‍ക്ക് ഗാസയിലേക്ക് പൂര്‍ണമായും പ്രവേശനം അനുവദിക്കാതെ രണ്ടാം ഘട്ട മോചനനടപടികള്‍ നടക്കില്ലെന്നായിരുന്നു ഹമാസിന്‍റെ നിലപാട്. പിന്നീട് ഏറെ വൈകിയാണ് പതിനേഴ് ബന്ദികളെ ഹമാസ് മോചിപ്പിച്ചത്.