
റാഫ: കരസേനാ നീക്കത്തിനു മുന്നോടിയായി ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം കടുപ്പിച്ചപ്പോൾ ഒരു ദിവസം മരിച്ചത് 700 പേർ. തിങ്കളാഴ്ച 400 കേന്ദ്രങ്ങളിലാണു ബോംബുകൾ വർഷിച്ചത്. ആക്രമണം രൂക്ഷമായതോടെ ഗാസയിലെ ചികിത്സാകേന്ദ്രങ്ങളുടെ പ്രവർത്തനം നിർത്തിവച്ചു. ഇതിനിടെ, ഉടൻ ഇന്ധനമെത്തിച്ചില്ലെങ്കിൽ ദുരിതാശ്വാസ പ്രവർത്തനം ഇന്ന് അവസാനിപ്പിക്കുമെന്നു യുഎൻ അഭയാർഥി ഏജൻസി പ്രഖ്യാപിച്ചതോടെ ഗാസയിലെ ദുരിതം കൂടുതൽ രൂക്ഷമായി. വ്യോമ, കടൽ, കര മാർഗങ്ങളിൽ ഉടൻ ആക്രമണം നടത്തുമെന്നും ഗാസയെ നിയന്ത്രിക്കുന്ന ഇസ്ലാമിക ഗ്രൂപ്പിനെ തുടച്ചുനീക്കുമെന്നും ഇസ്രേലി പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച 400 വ്യോമാക്രമണങ്ങളാണു നടത്തിയതെന്ന് ഇന്നലെ ഇസ്രയേലാണു പ്രഖ്യാപിച്ചത്. റോക്കറ്റ് ആക്രമണത്തിന് തയാറെടുത്തിരുന്ന ഹമാസിന്റെ കമാൻഡർമാരെയും ഭീകരരെയും വധിച്ചു. ഹമാസിന്റെ കമാൻഡ് കേന്ദ്രങ്ങളും തുരങ്കങ്ങളും തകർത്തെന്നും ഇസ്രയേൽ. ഞായറാഴ്ച 320 വ്യോമാക്രമണങ്ങൾ നടത്തിയെന്നും ഇസ്രേലി സേന.
അതേസമയം, പാർപ്പിട സമുച്ചയങ്ങൾക്കു നേരേയും ആക്രമണമുണ്ടായെന്ന് ദൃക്സാക്ഷികളും ആരോഗ്യ അധികൃതരും ആരോപിച്ചു. തെക്കൻ ഗാസയിലെ കാൻ യൂനിസിൽ നാലുനിലക്കെട്ടിടം തകർന്ന് 32 പേർ മരിച്ചു. തന്റെ ബന്ധുകുടുംബത്തിലെ 13 പേർ മരിച്ചെന്ന് ആക്രമണത്തിൽ നിന്നു രക്ഷപെട്ട അമ്മർ അൽ ബത്ത പറഞ്ഞു. നുസെയ്റത്ത് അഭയാർഥി ക്യാംപിലെ ചന്തയിലും ആക്രമണമുണ്ടായെന്ന് ദൃക്സാക്ഷികൾ പറയുന്നു.
തിങ്കളാഴ്ച കൊല്ലപ്പെട്ടവരിൽ 305 കുട്ടികളും 173 സ്ത്രീകളുമുണ്ടെന്ന് ഹമാസ് ആരോഗ്യ മന്ത്രാലയം അഴകാശപ്പെട്ടു. ഇതുവരെ 5700 പേരാണു പലസ്തീനിൽ മരിച്ചത്. ഇതിൽ 2300 പേർ കുട്ടികളാണെന്നാണ് ഹമാസിന്റെ വാദം.
ഫ്രഞ്ച് പ്രസിഡന്റ് ഇസ്രയേലിൽ, യുദ്ധത്തിന് പിന്തുണ
സിറിയയിലും ഇറാഖിലും ഐഎസിനെതിരേ നടത്തുന്ന പോരാട്ടം ഹമാസിനെതിരേ കൂടി വ്യാപിപ്പിക്കണമെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ജറൂസലമിൽ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ചയ്ക്കുശേഷമാണു മാക്രോണിന്റെ നിർദേശം. എന്നാൽ, യുഎസ് നയിക്കുന്ന സഖ്യത്തിൽ ഇസ്രയേലിനെ ഉൾപ്പെടുത്തുമോയെന്നു മാക്രോൺ വ്യക്തമാക്കിയില്ല.
""അന്താരാഷ്ട്ര സഖ്യം ഇറാഖിലും സിറിയയിലും ഐഎസിനെതിരേ നടത്തുന്ന പോരാട്ടം പലസ്തീനിയൻ ഭീകര സംഘടനയായ ഹമാസിനെതിരേ കൂടി വ്യാപിപ്പിക്കാൻ ഫ്രാൻസ് തയാറാണ്. ഇസ്രയേലിന്റെയും ഫ്രാൻസിന്റെയും പൊതു ശത്രുവാണ് ഭീകരത''- മാക്രോൺ പറഞ്ഞു. അതേസമയം, ഹമാസിനെതിരായ യുദ്ധത്തിൽ ദയ വേണ്ടെങ്കിലും നിയമങ്ങൾ പാലിക്കണമെന്നു ഫ്രഞ്ച് പ്രസിഡന്റ് നിർദേശിച്ചു. അല്ലാത്തപക്ഷം മേഖലയിലാകെ സംഘർഷം വ്യാപിക്കുമെന്നും അദ്ദേഹം. യുദ്ധം തുടങ്ങിയശേഷം ഇസ്രയേലിലെത്തുന്ന മൂന്നാമത്തെ ലോകനേതാവാണ് മാക്രോൺ. നേരത്തേ, യുഎസ് പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്കും ഇസ്രയേലിലെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു.