Israel and Hezbollah escalate airstrikes; Hezbollah commander Ibrahim Aqil was killed
വ്യോമാക്രമണം രൂക്ഷമാക്കി ഇസ്രയേലും ഹിസ്ബുള്ളയും; ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം അഖ്വിൽ കൊല്ലപ്പെട്ടു

വ്യോമാക്രമണം രൂക്ഷമാക്കി ഇസ്രയേലും ഹിസ്ബുള്ളയും; ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം അഖ്വിൽ കൊല്ലപ്പെട്ടു

തിരിച്ചടി തുടരുമെന്നാണ് ഇസ്രയേലിന്‍റെ പ്രഖ്യാപനം
Published on

ജെറുസലേം: പേജർ, വോക്കിടോക്കി സ്ഫോടന പരമ്പരയ്ക്കു പിന്നാലെ വ്യോമാക്രമണം രൂക്ഷമാക്കി ഇസ്രയേലും ഹിസ്ബുള്ളയും. വടക്കൻ ഇസ്രയേലിലേക്ക് ഹിസ്ബുള്ള ഇന്നലെ 140 റോക്കറ്റുകൾ തൊടുത്തപ്പോൾ ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിലായിരുന്നു ഇസ്രേയേലി സേനയുടെ തിരിച്ചടി.

ബെയ്റൂട്ടിന്‍റെ തെക്കൻ പ്രദേശങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 3 പേർ മരിച്ചു. 17 പേർക്ക് പരുക്കേറ്റു. തിരിച്ചടി തുടരുമെന്നാണ് ഇസ്രയേലിന്‍റെ പ്രഖ്യാപനം. കൊല്ലപ്പെട്ടവരിൽ ഹിസ്ബുള്ളയുടെ റദ്വാൻ യൂണിറ്റ് മേധാവിയും മുതിർന്ന കമാൻഡറുമായ ഇബ്രാഹിം അഖ്വിലുമുണ്ടെന്ന് ഇസ്രയേൽ. നേരത്തേ കൊല്ലപ്പെട്ട ഫുവാദ് ഷുക്കൂറിന്‍റെ തൊട്ടുതാഴെയാണ് ഇയാൾക്ക് ഹിസ്ബുള്ളയിലെ സ്ഥാനം.

പേജർ സ്ഫോടനത്തിനു മറുപടി നൽകുമെന്നു ഹിസ്ബുള്ള മേധാവി ഹസൻ നസറുള്ള പ്രഖ്യാപിച്ചതിന്‍റെ തുടർച്ചയായിരുന്നു ഇന്നലെ ഇസ്രയേലിനെതിരായ റോക്കറ്റാക്രമണം. ഇന്നലെ ഉച്ചയ്ക്കുഷശേഷം ലെബനനുമായുള്ള വടക്കൻ അതിർത്തിയിൽ മൂന്നു തവണകളായാണ് ആക്രമണമുണ്ടായതെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു.

ഗോലാൻ കുന്നുകൾ, സഫേദ്, അപ്പർ ഗലീലി എന്നിവിടങ്ങളിലേക്കാണ് 120 മിസൈലുകളെത്തിയത്. ഇവരിൽ ഭൂരിപക്ഷവും ആകാശത്തു തന്നെ നിർവീര്യമാക്കി. നിലത്തുവീണ മിസൈലുകളിലെ തീ കെടുത്താൻ അഗ്നിരക്ഷാ വിഭാഗം ശ്രമം തുടരുകയാണെന്നു പറഞ്ഞ ഇസ്രയേൽ മരണമോ അപകടമോ ഉണ്ടായതായി വെളിപ്പെടുത്തിയില്ല.

logo
Metro Vaartha
www.metrovaartha.com