
അറാക് ആണവനിലയം
ടെഹ്റാൻ: ഇറാനിലെ പ്രധാന ആണവനിലയമായ അറാക് നിലയം ഇസ്രയേൽ മിസൈൽ ആക്രമണത്തിൽ തകർന്നുവെന്ന് സ്ഥിരീകരിച്ച് ഇറേനിയൻ സ്റ്റേറ്റ് ടെലിവിഷൻ. എന്നാൽ, ആക്രമണമുണ്ടാകുന്നതിനു മുൻപേ തന്നെ ആളുകളെ സ്ഥലത്തു നിന്ന് ഒഴിപ്പിച്ചിരുന്നു.
ടെഹ്റാനിൽ നിന്ന് 250 കിലോമീറ്റർ അകലെയാണ് അറാക് ആണവനിലയം സ്ഥിതിചെയ്യുന്നത്. ആണവനിലയം ആക്രമിക്കുമെന്നും ആളുകളോട് പ്രദേശത്ത് നിന്നും ഒഴിയണമെന്നും ഇസ്രയേൽ സൈന‍്യം സമൂഹമാധ‍്യമങ്ങളിലൂടെ നേരത്തെ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് മിസൈൽ ആക്രമണമുണ്ടായിരിക്കുന്നത്.
ആണവനിലയത്തിന്‍റെ നിർമാണം പൂർത്തിയായിരുന്നില്ല. അടുത്ത വർഷത്തോടെ നിർമാണം പൂർത്തിയാക്കാനും പ്രവർത്തനം ആരംഭിക്കാനുമായിരുന്നു ഇറാന്‍റെ പദ്ധതി. ആണവായുധമുണ്ടാക്കുന്നതിനു വേണ്ടി പ്ലൂട്ടോണിയം സംസ്കരിച്ചെടുക്കാനായിരുന്നു ആണവ നിലയത്തിലൂടെ ഇറാൻ ലക്ഷ‍്യം വച്ചതെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്.