ഇറാനില്‍ ഇസ്രയേലിന്‍റെ വ്യാപക ചാരപ്രവര്‍ത്തനം
freepik.com
രണ്ടാഴ്ച മുന്‍പ് ജൂണ്‍ 13നാണ് ഇസ്രയേല്‍ ഇറാനില്‍ വ്യോമാക്രമണം ആരംഭിച്ചത്. ആക്രമണത്തിനിടെ ഇറാനിലെ പ്രധാന സൈനിക തലവന്മാരെയും ആണവ ശാസ്ത്രജ്ഞരെയും ഇസ്രയേല്‍ വകവരുത്തുകയും ചെയ്തു. ഇത് സാധിച്ചത് വര്‍ഷങ്ങളായി നടന്നു കൊണ്ടിരിക്കുന്ന ഇന്‍റലിജന്‍സ് പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ്. ഇറാന്‍റെ പ്രധാന പ്രതിരോധ സംവിധാനങ്ങളില്‍ ഭൂരിഭാഗവും നശിപ്പിക്കുകയും സൈനിക കമാന്‍ഡര്‍മാരെ കൊല്ലുകയും ചെയ്ത ആക്രമണങ്ങളുടെ ക്രെഡിറ്റ് ഇസ്രയേലിന്‍റെ രഹസ്യാന്വേഷണ വിഭാഗത്തിനാണ്.
ഇറാനില്‍ കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രയേലിന്‍റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിനു വേണ്ടി ചാരപ്പണി നടത്തിയതിനു നിരവധി ആളുകളെയാണ് അറസ്റ്റ് ചെയ്തത്. ഇറാന്‍റെ തന്ത്രപ്രധാനമായ ആശയവിനിമയങ്ങള്‍ ഇസ്രയേല്‍ ഹാക്ക് ചെയ്യുന്നത് ഒഴിവാക്കാന്‍ ഇന്‍റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കരുതെന്ന് ഇറാന്‍ സര്‍ക്കാര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരോടും അവരുടെ സുരക്ഷാ സംഘങ്ങളോടും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തരവിടുകയുണ്ടായി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കമ്പനികള്‍ക്കോ വ്യക്തികള്‍ക്കോ വാടകയ്ക്ക് വിട്ടുനല്‍കിയ കെട്ടിടത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ഇറാനിയന്‍ സുരക്ഷാ ഏജന്‍സികള്‍ പൊതുജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. ഇസ്രയേല്‍ അഭൂതപൂര്‍വമായ തരത്തില്‍ ഇന്‍റലിജന്‍സ് ഓപ്പറേഷന്‍ നടത്തിയതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇറാന്‍ ഇത്തരത്തില്‍ നടപടി സ്വീകരിച്ചത്.
'നമ്മുടെ സ്വന്തം ചെവികളെക്കാള്‍ നമ്മോട് അടുത്ത് വരും മൊസാദ്' എന്നാണ് ഇറാന്‍റെ മുന്‍ രഹസ്യാന്വേഷണ വിഭാഗം മന്ത്രി അലി യൂനേസി പറഞ്ഞത്. ഇസ്രയേല്‍ ഇറാനിലേക്ക് എത്രത്തോളം ആഴത്തില്‍ നുഴഞ്ഞു കയറിയെന്നതിന്‍റെ തെളിവാണ് ഇറാന്‍ മന്ത്രിയുടെ പ്രസ്താവന. മുന്‍ ഇറാന്‍ പ്രസിഡന്‍റ് മഹമൂദ് അഹമ്മദി നെജാദ് 2021ല്‍ പറഞ്ഞത് മൊസാദിനെ പ്രതിരോധിക്കാന്‍ ഇറാന്‍ രൂപീകരിച്ച യൂണിറ്റിന്‍റെ തലവന്‍ തന്നെ ഒരു ഇസ്രായേലി ഏജന്റാണെന്നാണ്.
freepik.com
ഇറാനെതിരേയുള്ള ആക്രമണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ജൂണ്‍ 17ന്, ആക്രമണത്തെക്കുറിച്ച് അറിവുള്ള 10 ഇസ്രയേലി ഇന്‍റലിജന്‍സ്, സൈനിക ഉദ്യോഗസ്ഥരുടെ അഭിമുഖങ്ങള്‍ അസോസിയേറ്റഡ് പ്രസ്സ് എന്ന വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിക്കുകയുണ്ടായി. അഭിമുഖത്തില്‍ മൊസാദിന്‍റെ മുന്‍ ഗവേഷണ ഡയറക്റ്റര്‍ സിമ ഷൈന്‍ പറഞ്ഞത് ഇറാന്‍റെ ആണവ പദ്ധതിയെ ലക്ഷ്യം വയ്ക്കുന്നതിനായി മൊസാദ് വര്‍ഷങ്ങളോളം നടത്തിയ പ്രവര്‍ത്തനത്തിന്‍റെ പരിസമാപ്തിയാണ് ആക്രമണം എന്നായിരുന്നു. അതായത്, ശത്രുവിനെയോ, ശത്രു പാളയത്തിലുള്ള ഒരു പദ്ധതിയെയോ തകര്‍ക്കാന്‍ തീരുമാനിച്ചാല്‍ ആദ്യം അതിനെ കുറിച്ചു അല്ലെങ്കില്‍ ടാര്‍ജെറ്റ് ചെയ്യപ്പെട്ട വ്യക്തിയെ കുറിച്ചു കൃത്യമായ വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് ഓപ്പറേഷന്‍ നടത്തും. അതാണ് ഇസ്രയേല്‍ ഇന്റലിജന്‍സിന്‍റെ രീതി.
ഇറാനെതിരേയുള്ള ആക്രമണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും മൊസാദും ഇസ്രായേല്‍ സൈന്യവും കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും ചെലവഴിച്ചു കാണുമെന്നാണ് ഇസ്രയേലിന്‍റെ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞത്.
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ഇറാന്‍റെ ഖുദ്‌സ് സേനയിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരായ സയീദ് ഇസാദി, ബെഹ്നാം ഷഹ്‌രിയാരി എന്നിവരുടെ ലൊക്കേഷന്‍ ഇസ്രയേല്‍ മനസിലാക്കിയത് ഇറാന്‍റെ ഉള്ളില്‍ തന്നെയുള്ള ഇസ്രയേലിന്‍റെ ഇന്‍റലിജന്‍സ് ശൃംഖലയിലൂടെയായിരുന്നു. ജൂണ്‍ 17ന് ഇറാനിലെ ഏറ്റവും മുതിര്‍ന്ന സൈനിക തലവന്മാരില്‍ ഒരാളായ മേജര്‍ ജനറല്‍ അലി ഷദ്മാനിയെ കണ്ടെത്തി വധിക്കാന്‍ ഇസ്രയേലിനു സാധിച്ചതും ശക്തമായ ഇന്‍റലിജന്‍സ് വര്‍ക്കിലൂടെയാണ്. ഷദ്മാനിയുടെ മുന്‍ഗാമിയെ വ്യോമാക്രമണത്തിലൂടെ വധിച്ച് വെറും നാല് ദിവസത്തിനുള്ളില്‍ ഷദ്മാനിയെ കൊലപ്പെടുത്തി ഇസ്രയേല്‍.
freepik.com
ഇറാനില്‍ ഇസ്രയേലിന് ഏകദേശം 30 മുതല്‍ 40 വരെ രഹസ്യ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഇസ്രയേല്‍ ഏജന്‍റുമാരേക്കാള്‍ കൂടുതല്‍ സഹകാരികളാണ് ഉള്ളത്. അതായത് ഇറാനില്‍ തന്നെയുള്ള രാജ്യദ്രോഹികള്‍. ഇത് ഇറാനെ കൂടുതല്‍ ദുര്‍ബലമാക്കുന്നു. ഇറാനുള്ളിലെ ഇസ്രയേലിന്‍റെ ഇന്‍റലിജന്‍സ് പ്രവര്‍ത്തനങ്ങള്‍ പുതിയ കാര്യമല്ല. ഇറാന്‍റെ പ്രതിരോധങ്ങളെ നിരീക്ഷിക്കാനും, നുഴഞ്ഞുകയറാനും, അട്ടിമറിക്കാനും, ദുര്‍ബലപ്പെടുത്താനും രൂപകല്‍പ്പന ചെയ്ത പ്രവര്‍ത്തനങ്ങള്‍ 1979ലെ ഇറാനിയന്‍ വിപ്ലവം മുതലുണ്ട്.
2024 സെപ്റ്റംബറില്‍ സായുധ ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന ആശയവിനിമയ ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ചത് ഇസ്രയേലിന്‍റെ ഇന്റലിജന്‍സ് ഗ്രൂപ്പ് ശൃംഖലയിലേക്ക് നുഴഞ്ഞുകയറിയതിനു ശേഷമാണ്. ഹിസ്ബുള്ളയുടെ നേതാവായ ഹസ്സന്‍ നസ്രല്ലയുടെ വിശദാംശങ്ങള്‍ കൃത്യമായി ശേഖരിച്ചതിനു ശേഷമാണ് ഇസ്രയേലിന്‍റെ ഏജന്റുമാര്‍ അദ്ദേഹത്തെ വധിച്ചതും. 2024 ജൂലൈയില്‍ ടെഹ്റാനില്‍ വെച്ച് ഹമാസിന്‍റെ രാഷ്ട്രീയ നേതാവ് ഇസ്മായില്‍ ഹനിയെ ലക്ഷ്യമിട്ട് നടത്തിയ കൊലപാതകത്തിലും സമാനമായ തന്ത്രം ഉപയോഗിച്ചിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് അദ്ദേഹത്തിന്‍റെ വസതിയില്‍ സ്ഥാപിച്ചിരുന്ന ഒരു സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചായിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്.
കഴിഞ്ഞ രണ്ട് ദശകങ്ങളിലായി ഇറാനിലെ നിരവധി ആണവ ശാസ്ത്രജ്ഞരെ ഇസ്രയേല്‍ കൊലപ്പെടുത്തിയിട്ടുണ്ട്. അതില്‍ ഒരു പിക്ക്-അപ്പ് ട്രക്കിന്‍റെ പിന്നില്‍ ഘടിപ്പിച്ച റിമോട്ട് കണ്‍ട്രോള്‍ തോക്ക് ഉപയോഗിച്ച് കൊല്ലപ്പെട്ട മൊഹ്സെന്‍ ഫക്രിസാദെയും ഉള്‍പ്പെടുന്നു. 2010ല്‍ സ്റ്റക്‌സ്‌നെറ്റ് കമ്പ്യൂട്ടര്‍ വൈറസ് ഉപയോഗിച്ച് ഇറാനിലെ 14 ആണവ കേന്ദ്രങ്ങളിലായി 30,000 കമ്പ്യൂട്ടറുകളെ നശിപ്പിച്ചതിനു പിന്നിലും ഇസ്രയേലായിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറില്‍ ഇറാനു വേണ്ടി ചാരവൃത്തി നടത്തിയെന്ന സംശയത്തില്‍ ഏഴ് ഇസ്രായേലി പൗരന്മാരെ അറസ്റ്റ് ചെയ്തതായി ഇസ്രായേലിന്‍റെ ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റ് അറിയിക്കുകയുണ്ടായി.
യുദ്ധ സമയത്ത് ഇറാന്‍റെ ഇന്‍റലിജന്‍സ് മന്ത്രാലയത്തെ സഹായിച്ചുവെന്ന് ആരോപിച്ച് ഒരു ദിവസം മുമ്പ് ഹൈഫയില്‍ നിന്ന് ഏഴ് പേരടങ്ങുന്ന മറ്റൊരു സംഘത്തെയും അധികൃതര്‍ കസ്റ്റഡിയിലെടുത്തിരുന്നു.