ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാന്‍ ഇസ്രായേൽ തയാറെടുക്കുന്നു: യുഎസ് ഇന്‍റലിജന്‍സ്

യുഎസ്- ഇറാന്‍ ചര്‍ച്ച പരാജയത്തിലേക്ക്: എണ്ണ വില വര്‍ധിക്കുന്നു
Israel preparing to attack Iran's nuclear facilities

ഇറാന്‍റെ ബുഷെഹറിലെ ആണവ നിലയത്തിലെ റിയാക്ടർ

Updated on

വാഷിങ്ടണ്‍: ഇറാന്‍റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇസ്രായേല്‍ തയാറെടുക്കുന്നതായി യുഎസ് ഇന്‍റലിജന്‍സ്. അമെരിക്കന്‍ മാധ്യമമായ സിഎന്‍എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്‍റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതിനെ കുറിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും ഇറാനെതിരേ ആക്രമണം നടത്താനുള്ള സാധ്യത വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്.

ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ടെഹ്‌റാനുമായി ട്രംപ് ഭരണകൂടം ഒരു ധാരണയിലെത്താന്‍ നയതന്ത്ര ശ്രമങ്ങള്‍ നടത്തിവരുന്നതിനിടെയാണ് ഇത്തരത്തിലൊരു വാര്‍ത്ത പുറത്തുവന്നത്. ടെഹ്‌റാന്‍റെ ആണവ പദ്ധതിയെ കുറിച്ച് യുഎസും ഇറാനും തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ എങ്ങനെ വികസിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇസ്രായേലിന്‍റെ നടപടിയെന്ന് റിപ്പോര്‍ട്ടുണ്ട്.

അതേസമയം, അമെരിക്കയുമായുള്ള ആണവ ചര്‍ച്ചയില്‍ പുരോഗതിയുണ്ടാകാന്‍ സാധ്യതയില്ലെന്ന് 2025 മേയ് 20 ചൊവ്വാഴ്ച ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി പറഞ്ഞു. ഈ വര്‍ഷം ഏപ്രില്‍ മാസം പകുതി മുതല്‍ ഇതുവരെയായി വാഷിങ്ടണും ടെഹ്‌റാനും തമ്മില്‍ ഒമാന്‍റെ മധ്യസ്ഥതയില്‍ നാല് റൗണ്ട് ചര്‍ച്ചകളാണു നടത്തിയത്. ഇറാനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ ഒഴിവാക്കുന്നതിനു പകരമായി ഇറാന്‍ ആണവ പദ്ധതി പരിമിതപ്പെടുത്തണമെന്നാണ് ചര്‍ച്ചയില്‍ ആവശ്യം ഉന്നയിച്ചിട്ടുള്ളത്.

ഇറാന്‍ നിലവില്‍ യുറേനിയം സമ്പുഷ്ടീകരണം 60 ശതമാനമാക്കി ഉയര്‍ത്തിയിരിക്കുകയാണ്. ഇത് 2015ലെ കരാറില്‍ നിശ്ചയിച്ചിരുന്ന 3.67% എന്ന പരിധിയേക്കാള്‍ വളരെ കൂടുതലാണ്. ഇറാന്‍ ആണവായുധങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായി അമെരിക്കയും ഇസ്രായേലും ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ പണ്ടു മുതലേ ആരോപിക്കുന്നുണ്ട്. എന്നാല്‍ തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്കുള്ളതാണെന്നാണ് ഇറാന്‍ വാദിക്കുന്നത്.

യുഎസ്-ഇറാന്‍ ചര്‍ച്ച പരാജയത്തിലേക്ക്: എണ്ണ വില വര്‍ധിക്കുന്നു

ടെഹ്‌റാന്‍റെ ആണവ പദ്ധതിയെ ചൊല്ലി യുഎസും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയത്തിലേക്ക് നീങ്ങുന്നതും ആഗോള വിപണിയില്‍ കൂടുതല്‍ ഇറാന്‍ എണ്ണ വിതരണം ഉണ്ടാകാനുള്ള സാധ്യത ദുര്‍ബലമായതും എണ്ണ വില ഉയരാനുള്ള സാധ്യത വര്‍ധിപ്പിച്ചു.

ഇതിനു പുറമെ ഇസ്രയേല്‍ ഇറാനെ ആക്രമിക്കുമെന്ന റിപ്പോര്‍ട്ടും എണ്ണ വിലയില്‍ വര്‍ധനയുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിച്ചു. 2025 മേയ് 25 ചൊവ്വാഴ്ച എണ്ണ വില ഉയര്‍ന്നു. അമെരിക്കയുമായുള്ള ആണവ ചര്‍ച്ചയില്‍ പുരോഗതിയുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി പറഞ്ഞതും 2025 മേയ് 20 ചൊവ്വാഴ്ചയായിരുന്നു.

ജുലൈയില്‍ ഡെലിവറിയുള്ള ബ്രെന്‍റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് ബാരലിന് 87 സെന്റ് അഥവാ 1.3% ഉയര്‍ന്ന് 66.25 ഡോളറിലെത്തി. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെകിലെ അംഗങ്ങളില്‍ മൂന്നാമത്തെ വലിയ എണ്ണ ഉല്‍പാദക രാജ്യമാണ് ഇറാന്‍. ഇസ്രയേല്‍ ഇറാനെ ആക്രമിച്ചാല്‍ അത് ഇറാനില്‍നിന്നും ആഗോള വിപണിയിലേക്കുള്ള എണ്ണ പ്രവാഹത്തെ തടസപ്പെടുത്തിയേക്കാം.

ഇതിനുപുറമെ ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ഉടലെടുത്താല്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ ടാങ്കറിന്‍റെ ഒഴുക്ക് തടഞ്ഞുകൊണ്ട് ഇറാന്‍ പ്രതികാരം ചെയ്യുമെന്നും ആശങ്കയുണ്ട്. സൗദി അറേബ്യ, ഇറാഖ്, യുഎഇ എന്നീ രാജ്യങ്ങള്‍ എണ്ണയും ഇന്ധനങ്ങളും കയറ്റുമതി ചെയ്യുന്നത് പ്രധാനമായും ഹോര്‍മുസ് കടലിടുക്കിലൂടെയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com