

അധിനിവേശ വെസ്റ്റ് ബാങ്കിൽ വൻ ജൂത കുടിയേറ്റ നീക്കവുമായി ഇസ്രയേൽ
ജറുസലേം: വെസ്റ്റ് ബാങ്ക് മേഖലയിൽ ഒരു ദശാബ്ദത്തിനിടെ ഇതാദ്യമായി ഏറ്റവും വലിയ ജൂത കുടിയേറ്റത്തിന് തുടക്കം കുറിച്ച് ഇസ്രയേൽ. പുതിയ 22 ജൂത സെറ്റിൽമെന്‍റുകൾ ഈ മേഖലയിൽ സ്ഥാപിക്കുന്നതായി ഇസ്രയേൽ സർക്കാർ വ്യക്തമാക്കി. ഇതിനകം നിരവധി ഇസ്രയേൽ പൗരന്മാർ പുതിയ ഔട്ട് പോസ്റ്റുകൾ ഉൾപ്പടെ സ്ഥാപിച്ചിരുന്നു. ഇത്തരം കുടിയേറ്റങ്ങൾക്ക് നിയമ സാധുത നൽകുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ജൂത സെറ്റിൽമെന്‍റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനം ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും ധനമന്ത്രി ബെസലേൽ സ്മോട്രിച്ചും സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേൽ-പലസ്തീൻ തർക്കങ്ങളുടെ കേന്ദ്ര ബിന്ദുവാണ് അധിനിവേശ വെസ്റ്റ് ബാങ്ക് പ്രദേശം. ഇവിടെ കുടിയേറ്റം അന്താരാഷ്ട്ര നയങ്ങൾ പ്രകാരം നിയമ വിരുദ്ധമാണ്. എന്നാൽ ഇസ്രയേലിനെ അപകടത്തിലാക്കുന്ന വിധത്തിൽ പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് തടയുകയാണ് കുടിയേറ്റത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രതിരോധമന്ത്രി കാറ്റ്സ് വ്യക്തമാക്കുന്നു.
ഇസ്രയേൽ നടപടി അപകടകരമായ കടന്നു കയറ്റമാണെന്ന് പലസ്തീൻ അധികൃതർ കുറ്റപ്പെടുത്തി. ഇസ്രയേൽ നടപടി അധിനിവേശം കൂടുതൽ ശക്തിപ്പെടുത്തുകയും വെസ്റ്റ് ബാങ്കിന്‍റെ സാഹചര്യങ്ങൾ മാറ്റുന്നതിന് ഉതകുന്നതുമാണെന്ന് പുതിയ കുടിയേറ്റ വിരുദ്ധ നിരീക്ഷണ സംഘടനയായ പീസ് നൗ കുറ്റപ്പെടുത്തുന്നു.
1967ലെ പശ്ചിമേഷ്യൻ യുദ്ധത്തിനു ശേഷം വെസ്റ്റ് ബാങ്ക് പ്രദേശത്ത് ഇസ്രയേൽ 160 ഓളം ജൂത സെറ്റിൽമെന്‍റുകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ.