
തെഹ്റാനിലെ ആണവ കേന്ദ്രം ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണം
തെഹ്റാൻ: ഇസ്രയേലിന്‍റെ വ്യോമാക്രമണത്തിനു പിന്നാലെ ഇറാനിലെ ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് തെഹ്റാനിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പു നൽകി. പ്രാദേശിക അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ പാലിക്കണം. അനാവശ്യമായി പുറത്തിറങ്ങരുത്. എംബസി നൽകുന്ന അപ് ഡേറ്റുകൾ ഫോളോ ചെയ്യണമെന്നും ഇന്ത്യൻ എംബസി എക്സിൽ കുറിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് തെഹ്റാനിലെ ആണവ കേന്ദ്രം ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്.
ഇറാനു നേരെ സൈനിക നടപടി ആരംഭിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അറിയിച്ചിരുന്നു. തെഹ്റാനിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും കുട്ടികൾ ഉൾപ്പടെ മരിച്ചതായും ഇറാനിയൻ സ്റ്റേറ്റ് മീഡിയ ഐആർ എൻഎ റിപ്പോർട്ട് ചെയ്തു. പിന്നാലെ ജനവാസ കേന്ദ്രങ്ങളിൽ കെട്ടിടങ്ങൾ ഭാഗികമായി തകർന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തു വന്നു. ഇറാൻ ആക്രമണത്തിനു പിന്നാലെ ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഇതിനു പിന്നാലെ ഇസ്രയേലിലെ ഇന്ത്യൻ എംബസിയും ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി. ഇറാനെ ഇസ്രയേൽ ആക്രമിക്കുമെന്ന് നേരത്തെ വന്ന റിപ്പോർട്ടുകളെ ശരി വച്ചു കൊണ്ടാണ് പുലർച്ചെ ആക്രമണം ഉണ്ടായത്. ഇസ്രയേലിന്‍റേത് ഏകപക്ഷീയമായ നടപടിയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച രാവിലെ ദേശീയ സുരക്ഷാ കൗൺസിലിന്‍റെ അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഇറാൻ റവല്യൂഷണറി ഗാർഡിന്‍റെ ചീഫ് കമാൻഡർ മേജർ ജനറൽ ഹുസൈൻ സലാമി ഉൾപ്പടെയുള്ളവർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.