

ഇറാനിൽ ഇസ്രായേൽ വ്യോമാക്രമണം
ടെഹ്റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ സായുധ സേന. പലയിടത്തും ഉഗ്രശേഷിയുള്ള സ്ഫോടനങ്ങൾ നടന്നതായാണ് വിവരം. ഇതേതുടർന്ന് വ്യോമാതിർത്തി അടച്ചു. ആക്രമണം നടന്ന വിവരം ഇസ്രായേൽ പ്രതിരോധ മന്ത്രാലയവും സൈന്യവും ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാനുമായുള്ള മൂന്നാംഘട്ട ആണവ ചർച്ചകൾ കരാറിലെത്താതെ പിരിഞ്ഞതിൽ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അതൃപ്തി പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് സൈനിക നടപടി ഉണ്ടായിരിക്കുന്നത്.
ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇസ്രായേൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആക്രമണത്തിന് അമെരിക്കയുടെ പൂർണ പിന്തുണയുണ്ടെന്നാണ് വിവരം. ടെഹ്റാനിലെ പ്രധാനകേന്ദ്രങ്ങളായ യൂണിവേഴ്സിറ്റി സ്ട്രീറ്റിലും, ജോംഹൗറി പ്രദേശത്തും നിരവധി മിസൈലുകൾ പതിച്ചതായി റിപ്പോർട്ടുണ്ട്. പരമോന്നത നേതാവാ ആയത്തുല്ല അലി ഖമെനയിയുടെ ടെഹ്റാനിലെ ഓഫീസുകൾക്ക് സമീപമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.
പക്ഷേ ഖമെനയി സുരക്ഷിതനാണെന്നാണ് വിവരം. ഇറാന്‍റെ ഭാഗത്ത് നിന്ന് തിരിച്ചടി ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇസ്രായേൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എല്ലാ പൗരന്മാരും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ഐഡിഎഫ് കർശന നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു.