വെടിനിര്‍ത്തലിനു പിന്നാലെ ലെബനനില്‍ ഇസ്രയേല്‍ ആക്രമണം; 5 മരണം

ഇസ്രയേല്‍ പോര്‍വിമാനങ്ങളും ഡ്രോണുകളുമാണ് ആക്രമണം അഴിച്ചുവിട്ടത്. പുലര്‍ച്ചെ നബാതെ മേഖലയില്‍ തുടര്‍ച്ചയായ ആക്രമണം നടത്തുകയായിരുന്നു.
FILE PHOTO

ഫയല്‍ ചിത്രം

Updated on

ജറുസലേം: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന് മണിക്കൂറുകള്‍ക്കകമാണ് ആക്രമണം നടന്നത്. ശനിയാഴ്ച രാവിലെ തെക്കന്‍ ലബനനിലാണ് ആക്രമണം ഉണ്ടായത്.

ഇസ്രയേല്‍ പോര്‍വിമാനങ്ങളും ഡ്രോണുകളുമാണ് ആക്രമണം അഴിച്ചുവിട്ടത്. പുലര്‍ച്ചെ നബാതെ മേഖലയില്‍ തുടര്‍ച്ചയായ ആക്രമണം നടത്തുകയായിരുന്നു. പാര്‍പ്പിട സമുച്ചയങ്ങള്‍ക്കും വീടുകള്‍ക്കും നേരെയാണ് ആക്രമണം നടന്നത്. വ്യോമാക്രമണത്തിനു മുമ്പ് ഇസ്രയേല്‍ കരസേനയും വെടിവെപ്പ് നടത്തിയിരുന്നു. ഇസ്രയേല്‍ ആക്രമണം നടത്തിയ വിവരം ലെബനന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എന്‍എന്‍എയാണ് പുറത്തുവിട്ടത്.

വെള്ളിയാഴ്ചയാണ് ഇസ്രായേലും ഹിസ്ബുള്ളയും വെടിനിര്‍ത്തലിനു സമ്മതിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ ഇസ്രായേല്‍ ഇക്കാര്യം ലംഘിക്കുകയായിരുന്നു. വെടിനിര്‍ത്തലിനു ഇസ്രായേലും ഹിസ്ബുള്ളയും സമ്മതിച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലെബനന്‍ മുഴുവന്‍ കത്തിക്കണമെന്ന് ഇസ്രയേല്‍ ദേശീയ സുരക്ഷാമന്ത്രി ഇതാമര്‍ ബെന്‍-ഗ്വിര്‍ ആഹ്വാനം ചെയ്തിരുന്നു. ലെബനനില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നത് ഉന്നയിച്ച് ഇറാന്‍ സമാധാന ചര്‍ച്ചയില്‍നിന്ന് പിന്‍മാറിയിരുന്നു. ഇതേത്തുടര്‍ന്ന് അന്തിമ കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നടത്താനിരുന്ന ആദ്യഘട്ട ചര്‍ച്ചയും റദ്ദാക്കി. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ആയിരുന്നു ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടിയിരുന്നു. ഇറാന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് വാന്‍സ് സ്വിറ്റ്‌സര്‍ലാന്‍ഡിലേക്കുള്ള യാത്രയും റദ്ദാക്കി. ഇതോടെ കരാര്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com