
ഇസ്രയേല്‍ ആക്രമണം: 1,000ത്തിലേറെ പലസ്തീനികള്‍ പലായനം ചെയ്തു
ഗാസ സിറ്റി: ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണം ബുധനാഴ്ച രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ ആയിരക്കണക്കിനു പലസ്തീനികള്‍ ദുരന്തമുഖത്തു നിന്ന് പലായനം ചെയ്യുകയാണ്. ബുധനാഴ്ച മാത്രം 16 പേര് ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായിട്ടാണു പുറത്തുവരുന്ന കണക്കുകള്‍.
ഗാസയില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്ന ആക്രമണത്തില്‍ അല്‍-റാന്റിസി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിനെയാണ് പ്രധാനമായും ലക്ഷ്യംവച്ചതെന്നു ഹമാസ് നിയന്ത്രിക്കുന്ന ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇതേ തുടര്‍ന്ന് ആശുപത്രിയിലുള്ള രോഗികളും അവരുടെ കുടുംബാംഗങ്ങളും അവിടെ നിന്നും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായി. ബുധനാഴ്ച ഗാസയിലുടനീളം ഇസ്രായേല്‍ നടത്തിയ വെടിവയ്പ്പില്‍ കുറഞ്ഞത് 35 പേര് കൊല്ലപ്പെട്ടതായി മറ്റ് ആശുപത്രികളും അറിയിച്ചു.
ഗാസയില്‍ വെടിനിര്‍ത്തണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു. പലസ്തീനികള്‍ക്കു ഐക്യദാർഢ്യം പ്രകടിപ്പിക്കുകയാണെന്നും ഇസ്രയേല്‍ മാനുഷിക നിയമങ്ങളെ മാനിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. യുദ്ധത്തില്‍ 64,900 ലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടെന്നാണു ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2023 ഒക്റ്റോബര്‍ 7ന് ഹമാസ് തീവ്രവാദികള്‍ തെക്കന്‍ ഇസ്രയേലിലേക്ക് ഇരച്ചുകയറുകയും 1,200 ഓളം പേരെ കൊലപ്പെടുത്തുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും നൂറുകണക്കിനു പേരെ തട്ടിക്കൊണ്ടു പോവുകയും ചെയ്തതോടെയാണ് ഗാസയില്‍ യുദ്ധം ആരംഭിച്ചത്.