

യുദ്ധം വേഗം അവസാനിപ്പിക്കുമെന്ന് ഇസ്രയേൽ പ്രസിഡന്‍റ്
ടെഹ്റാൻ: ഇറാനുമായുള്ള സംഘർഷത്തിലേക്ക് അമെരിക്കയെ ഇസ്രയേൽ കൊണ്ടുവന്നുവെന്ന ആരോപണങ്ങൾ നിഷേധിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഡൊണാൾഡ് ട്രംപിനോട് എന്ത് ചെയ്യണമെന്ന് പറയാൻ കഴിയുമോയെന്ന് നെതന്യാഹു ചോദിച്ചു. ഇറാൻ സംഘർഷം വേഗം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഹോർമുസ് അടയ്ക്കാനുള്ള ഇറാന്‍റെ ശ്രമം പരാജയപ്പെടുമെന്നും നെതന്യാഹു പറഞ്ഞു. ഹോർമുസ് അടയ്ക്കുമെന്ന് പറഞ്ഞ് ഇറാൻ ലോകത്തെ ബ്ലാക്ക് മെയിൽ ചെയ്യുന്നത് വിലപോകില്ലെന്നും നെതന്യാഹു വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിനിടെ കടലിലുള്ള ഇറാൻ കപ്പലുകളിലെ എണ്ണയുടെ മേലുള്ള ഉപരോധം ഉടൻ നീക്കം ചെയ്തേക്കുമെന്ന് യുഎസ് വ്യക്തമാക്കി. ഹോർമുസ് അടച്ചിട്ടതോടെ എണ്ണവില കുത്തനെ വർധിച്ചത് തടയാനാണ് അമെരിക്കയുടെ നീക്കം.
ഉപരോധം നീക്കുന്നതോടെ ഇറാന്‍റെ എണ്ണ ആഗോളവിപണിയിൽ എത്തുമെന്നും ഇതോടെ 14 ദിവസത്തേക്ക് എണ്ണവില വർധിക്കാതെ പിടിച്ചുനിർത്താൻ സഹായിക്കുമെന്നും അമെരിക്ക പറഞ്ഞു. ഇറാൻ ഹോർമുസ് കടലിടുക്ക് അടയ്ക്കുകയും ടാങ്കറുകൾ ആക്രമിക്കുകയും ചെയ്തതോടെ രണ്ടാഴ്ചയായി എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലാണ്.