
ഗാസ: വടക്കൻ ഗാസയിലെ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രയേൽ വ്യോമാക്രമണം. അമ്പതോളം പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 150 ഓളം പേർക്ക് പരിക്കേറ്റു. ഗാസയിലെ ജബലിയയിലെ അഭയാർത്ഥി ക്യാമ്പിലെ അപ്പാർട്ട്മെന്‍റ് ബ്ലോക്കുകളിലാണ് ആക്രമണമുണ്ടായത്. ജീവഹാനി സംബന്ധിച്ച കണക്കുകളുടെ യഥാര്‍ഥ ചിത്രം വ്യക്തമല്ലെന്ന് ഇന്‍ഡൊനീഷ്യന്‍ ആശുപത്രി ഡയറക്ടര്‍ അതീഫ് അല്‍ കഹ്‌ലൗത്ത് അറിയിച്ചു.
ഗാസ ആരോഗ്യ മന്ത്രാലയത്തിൻ്റെ റിപ്പോർട്ടുകൾ അനുസരിച്ച് ആക്രമണത്തിൽ ജബലിയ അഭയാർത്ഥി ക്യാമ്പ് പൂർണമായും തകർന്നു. ഡസന്‍ കണക്കിന് ആളുകള്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നു. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. ഗാസയിലെ അഭയാര്‍ഥി ക്യാമ്പുകള്‍ക്ക് നേരെ നേരത്തെയും ഇസ്രയേല്‍ ആക്രമണമുണ്ടായിരുന്നു
ഒക്ടോബര്‍ 7 മുതല്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ 8,525 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം ഇസ്രായേലി യുദ്ധടാങ്കുകൾ ഹമാസിൻ്റെ ഭൂഗർഭ അറകൾ ആക്രമിച്ചതിൽ നൂറുകണക്കിന് ഹമാസ് സംഘാംഗങ്ങളെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെടുന്നു. വെടിനിർത്തൽ ആവശ്യം തള്ളിയ ഇസ്രയേൽ ഗാസയിൽ കരയുദ്ധം ശക്തമാക്കിയിരിക്കുകയാണ്.