
ഈസ്റ്റംബുൾ മേയറുടെ അറസ്റ്റ്: തുർക്കിയിൽ പ്രതിഷേധം കനക്കുന്നു
അങ്കാറ: ഈസ്റ്റംബുൾ മേയർ എക്രെം ഇമാമോഗ്ലുവിന്‍റെ അറസ്റ്റിനെതിരായ പ്രതിഷേധക്കടലായി തുർക്കിയിലെ തെരുവുകൾ. പ്രക്ഷോഭം രൂക്ഷമായതോടെ 343 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സമീപകാലത്ത് പ്രസിഡന്‍റ് റസിപ് തയിപ് എർദോഗൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഇപ്പോഴത്തെ പ്രക്ഷോഭം.
എർദോഗനെതിരേ കഴിഞ്ഞ ദിവസം വൻ പ്രതിഷേധം സംഘടിപ്പിച്ചതിനു പിന്നാലെയാണു ഇമാമോഗ്ലുവിനെ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്തത്. കേസിന്‍റെ അന്തിമ വിധി വരുന്നതു വരെ ജയിലിലടയ്ക്കാനാണ് ഇന്നലെ കോടതിയുടെ നിർദേശം.
ഇതോടെ, ഈസ്റ്റംബുളിൽ തെരുവിലിറങ്ങിയ ജനങ്ങൾ ബാരിക്കേഡുകൾ തകർത്തു പൊലീസിനു നേരേ പാഞ്ഞടുത്തു. കുരുമുളക് സ്പ്രേയും റബർ ബുള്ളറ്റും ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചാണു പൊലീസ് ഇവരെ നേരിട്ടത്. പ്രതിഷേധങ്ങൾക്ക് നിരോധനമേർപ്പെട്ടുത്തിയിട്ടുണ്ട് സർക്കാർ.
സമൂഹമാധ്യമങ്ങൾക്കും നിയന്ത്രണം പ്രഖ്യാപിച്ചു. 2028ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എർദോഗനെതിരേ മത്സരിക്കാനുള്ള തയാറെടുപ്പിലാണ് ഇമാമോഗ്ലു. അറസ്റ്റ് ചെയ്തതിനു പിന്നാലെ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്സ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് തീവ്രവാദം ഉള്‍പ്പെടെ കുറ്റകൃത്യങ്ങള്‍ ഇമാമോഗ്ലുവിനെതിരേ ചുമത്തി.